ട്രംപിൽ ഇപ്പോഴും പ്രതീക്ഷയെന്ന് ഉത്തര കൊറിയ; നല്ല പ്രതികരണമെന്ന് ട്രംപ്

പങ്ഗ്യേറി ആണവ പരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം സ്ഫോടനത്തിലൂടെ സ്വയം നശിപ്പിച്ചതിന്റെ ചിത്രങ്ങൾ ഉത്തരകൊറിയ ഔദ്യോഗികമായി പുറത്തുവിട്ടപ്പോൾ.

സോൾ∙ ജൂൺ 12നു സിംഗപ്പൂരിൽ ചേരാനിരുന്ന ഉച്ചകോടിയിൽ നിന്നു യുഎസ് പിൻമാറിയെങ്കിലും തങ്ങൾ ഇപ്പോഴും ചർച്ചയ്ക്കു തയാറാണെന്ന് ഉത്തര കൊറിയ. ആണവ സംഘർഷം പരിഹരിക്കാൻ ട്രംപ് ഫോർമുല സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയ കടുത്ത ശത്രുതയും വിദ്വേഷവും ഇപ്പോഴും തുടരുന്നുവെന്നാരോപിച്ചാണു ചർച്ചയിൽ നിന്നു ട്രംപ് പിൻമാറിയത്.

ഉച്ചകോടി റദ്ദാക്കിയ യുഎസ് തീരുമാനം അപ്രതീക്ഷിതവും ഖേദകരവുമാണെന്ന് ഉത്തര കൊറിയ പറഞ്ഞു. എന്നാൽ, ഉച്ചകോടിക്ക് ഒരുങ്ങിയതിലൂടെ മറ്റൊരു യുഎസ് പ്രസിഡന്റിനും കഴിയാത്ത ധീരമായ തീരുമാനമാണു ട്രംപ് എടുത്തതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രംപ് ഫോർമുല സഹായിക്കുമെന്നു തന്നെയാണ് ഇപ്പോഴും തങ്ങളുടെ വിശ്വാസമെന്നും ഉത്തര കൊറിയ ഉപ വിദേശകാര്യമന്ത്രി കിം കീ ഗ്വാൻ പ്രതികരിച്ചു.

ഉത്തര കൊറിയയുടെ ‘ഊഷ്മളവും ക്രിയാത്മകവുമായ’ പ്രസ്താവനയെ ട്രംപ് ട്വിറ്റർ സന്ദേശത്തിൽ സ്വാഗതം ചെയ്തു. സദ്‌വാർത്തയാണിത്. സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും ഇതു നയിക്കുമെന്നു പ്രതീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞു.

ആണവ നിരായുധീകരണ നടപടികളുടെ ഭാഗമായി തങ്ങളുടെ ആണവ പരീക്ഷണകേന്ദ്രം ഉത്തര കൊറിയ അടച്ചുപൂട്ടിയതിനു തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പിൻമാറ്റം. സിംഗപ്പൂരിൽ ഉച്ചകോടി ഒരുക്കങ്ങൾക്കായി എത്തിയ യുഎസ് സംഘത്തെ കാത്തിരുത്തി മുഷിപ്പിച്ചത് അടക്കം ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളാണ് ഉച്ചകോടി റദ്ദാക്കാൻ കാരണമെന്നാണു വൈറ്റ് ഹൗസിന്റെ വിശദീകരണം.