സമരം: ബ്രസീലിൽ ഡീസൽ വില കുറച്ചു

റിയോ ഡി ജനീറോ∙ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി നടക്കുന്ന സമരം ഭക്ഷ്യക്ഷാമത്തിനു പോലും ഇടയാക്കുന്ന നിലയിൽ ജനജീവിതത്തെ ബാധിച്ചതോടെ, ബ്രസീലിൽ ഡീസലിന്റെ വില കുറച്ചു. പ്രസിഡന്റ് മൈക്കൽ ടെമർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. പ്രതിഷേധക്കാരുടെ മറ്റു നാല് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.

സമരത്തിനിടെ ഉയർത്തിയ ബാരിക്കേഡുകൾ നീക്കം ചെയ്യാനും റിഫൈനറികളിൽ നിന്ന് ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങൾക്കു സുരക്ഷയൊരുക്കാനും കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സൈന്യത്തോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജ്യത്തെ 600 റോഡുകളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണെന്നു പൊലീസ് റിപ്പോർട്ടു നൽകി. തുടർന്നാണ് ഇന്ധനവില കുറയ്ക്കാൻ സർക്കാർ തയാറായത്. വില രണ്ടുമാസത്തേക്ക് കൂട്ടില്ലെന്നും ഉറപ്പുനൽകി.