ബ്രസീലിൽ ഡാം തകർന്ന് 40 മരണം; ചെളിയിൽ കാണാതായത് 300 ഓളം പേരെ

brazil-dam-collapse
SHARE

ബ്രസീലിയ∙ ബ്രസീലിൽ ഡാം തകർന്ന് 40 പേർ മരിച്ചു. 300 ഓളം പേരെ കാണാതായി. തെക്ക് കിഴക്കൻ ബ്രസീലിലെ ബെലോ ഹൊറിസോണ്ടെ നഗരത്തിനടുത്തുള്ള ഖനന കമ്പനിയായ വലെയുടെ ഖനിയിലുള്ള ഡാമാണു വെള്ളിയാഴ്ച തകർന്നത്.

ഡാമിൽ‌നിന്ന് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ടൺ ചെളിയിൽ ജനങ്ങളെ കാണാതാകുകയായിരുന്നു. പ്രദേശത്തെ റോഡ്, വാഹനങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം ചെളിക്കടിയിലായി. ഹെലികോപ്റ്റർ ഉപയോഗിച്ചാണു പ്രദേശത്തു തിരച്ചിൽ നടത്തുന്നത്. ചെളിയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതു തുടരുകയാണ്. മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആകുമെന്നാണു വിവരം.

വേൽ കമ്പനിക്കു കീഴിലുള്ള ഖനിത്തൊഴിലാളികളാണു കാണാതായ 300 പേരെന്നുമാണു കരുതുന്നത്. അപകടത്തിൽ 170 പേരെ ഇതുവരെ രക്ഷിച്ചു. ഇതിൽ 23 പേർ ആശുപത്രിയിൽ ചികിൽസയിലാണ്. ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബോല്‍സോനാറോ അപകട സ്ഥലം സന്ദർശിച്ചു. അപകടത്തിൽനിന്നു രക്ഷപ്പെട്ടവർക്കായി എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. നീതി ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

brazil-dam-collapse-1
ഡാം തകർന്ന് ഒഴുകിയെത്തിയ ചെളി

പ്രസിഡന്റിന്റെ നിർദേശപ്രകാരം 1000 ട്രൂപ്പ് സൈനികരാണു പ്രദേശത്തു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.  ജയ്ര്‍ ബോല്‍സോനാറോ അധികാരമേറ്റശേഷം ബ്രസീൽ നേരിടുന്ന ആദ്യ ദുരന്തമാണ് ഇത്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണു ഡാം അപകടത്തെ വിലയിരുത്തുന്നത്. 42 വർഷം പഴക്കമുള്ള ഡാമാണു തകർന്നത്. ഉയരം 282 അടി. ഡാമിന്റെ സുരക്ഷാ പരിശോധനകൾ അടുത്തിടെ നടത്തിയിരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA