ഹാഫിസ് സയീദ് മത്സരിക്കില്ല, 200 പേരെ നിർത്തും; മത്സരിക്കാൻ മുഷറഫും

ഹാഫിസ് സയിദ്

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ ജൂലൈ 25നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബ, ജമാഅത്തുദ്ദഅവ എന്നിവയുടെ നേതാവുമായ ഹാഫിസ് സയീദ് മത്സരിക്കുന്നില്ല. എന്നാൽ, സയീദിന്റെ രാഷ്ട്രീയകക്ഷിയായ മില്ലി മുസ്‌ലിം ലീഗ് 200 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തും.

മില്ലി മു‌സ്‌ലിം ലീഗിന് ഇലക്‌ഷൻ കമ്മിഷന്റെ റജിസ്ട്രേഷൻ ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ റജിസ്ട്രേഷനുള്ള അല്ലാഹു അക്ബർ തെഹ്‌രീക് എന്ന പാർട്ടിയുടെ കസേര ചിഹ്നത്തിലായിരിക്കും സ്ഥാനാർഥികൾ മത്സരിക്കുക. നിരോധിത സംഘടനയായ ജമാഅത്തുദ്ദഅവയുടെ രാഷ്ട്രീയ മുഖമാണെന്ന കാരണത്താലാണു മില്ലി മുസ്‌ലിം ലീഗിന് ഇതുവരെ അംഗീകാരം നൽകാത്തത്. 2017 ജനുവരിയിൽ സയീദ് വീട്ടുതടങ്കലിൽ കഴിയുമ്പോഴാണു പാർട്ടി രൂപീകരിച്ചത്. നവംബറിലാണ് ഇയാളെ വിട്ടയച്ചത്. ഇതിനിടെ, മുൻ പ്രസിഡന്റ് പർവേസ് മുഷറഫും മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. സുപ്രീം കോടതി സോപാധിക അനുമതി നൽകിയതിനെ തുടർന്നാണിത്. ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിൽപ്പെട്ട ചിത്രാലിൽ നിന്നാണു മത്സരിക്കാൻ സാധ്യത. കഴിഞ്ഞ തവണ ഇവിടെ നിന്നു ജയിച്ചതു മുഷറഫിന്റെ പാർട്ടിയായ ഓൾ പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥിയായിരുന്നു. ജന്മനാടായ കറാച്ചിയിൽ നിന്നു മത്സരിക്കാനും സാധ്യതയുണ്ട്.

ഷാറുഖ് ഖാന്റെ അടുത്ത ബന്ധു നൂർ ജഹാൻ സ്വതന്ത്ര സ്ഥാനാർഥി

ഇസ്‌ലാമാബാദ് ∙ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ ബന്ധു നൂർ ജഹാൻ പാക്ക് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഷാറുഖിന്റെ കസിൻ ആയ നൂർ ജഹാൻ ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യാ അസംബ്ളിയിലേക്കു മത്സരിക്കാൻ പത്രിക നൽകിക്കഴിഞ്ഞു. നേരത്തേ കൗൺസിലറായി ജയിച്ചിട്ടുണ്ട്. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ നൂർ ജഹാനു പാക്കിസ്ഥാൻ അവാമി നാഷണൽ പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. സ്വാതന്ത്ര്യപ്രക്ഷോഭകാലത്തു ഖാൻ അബ്ദുൽ ഗഫാർ ഖാൻ നേതൃത്വം നൽകിയ ഖുദായ് ഖിത്‌മത്ഗർ പ്രസ്ഥാനത്തിൽ നൂർ ജഹാന്റെ കുടുംബം പങ്കെടുത്തിട്ടുണ്ട്. സഹോദരൻ മൻസൂറിനാണു തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതല.