സയീദിന്റെ പാർട്ടിക്ക് അംഗീകാരമില്ല; ‘കസേരപ്പാർട്ടി’യിൽ തിരഞ്ഞെടുപ്പിന്

ഇസ്‌ലാമാബാദ് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദ് രൂപീകരിച്ച മില്ലി മുസ്‌ലിം ലീഗിന് (എംഎംഎൽ) പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവാദമില്ല. രാഷ്ട്രീയപാർട്ടിയായി റജിസ്റ്റർ ചെയ്യാനുള്ള എംഎംഎല്ലിന്റെ രണ്ടാം അപേക്ഷയും പാക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളി. ഈ സാഹചര്യത്തിൽ, അധികമാരുമറിയാത്ത ഒരു രാഷ്ട്രീയപാർട്ടിയായ അല്ലാഹു അക്ബർ തെഹ്‌രികെ(എഎടി)യുടെ പേരിലായിരിക്കും സയീദിന്റെ 200 സ്ഥാനാർഥികളും മൽസരിക്കുക. കസേരയാണ് എഎടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം. അംഗീകൃത കക്ഷികളുടെ പട്ടികയിൽ പത്താമതാണ് എഎടി.

ജൂലൈ 25ന് ആണു പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനത്തിനെതിരെ എംഎംഎൽ സുപ്രീം കോടതിയെ സമീപിക്കും. കോടതിവിധിയും അനുകൂലമായില്ലെങ്കിൽ എഎടിയുടെ പേരിൽ സ്ഥാനാർഥികളെ മൽസരിപ്പിക്കുമെന്നു എംഎംഎൽ വക്താവ് തബീഷ് ക്വയൂമാണു സൂചിപ്പിച്ചത്.

പാക്കിസ്ഥാൻ നിരോധിച്ച ഭീകരസംഘടനകളായ ജമാഅത്തുദ്ദഅവയുടെയും ലഷ്കറെ തയിബയുടെയും സ്ഥാപകൻ ഹാഫീസ് സയീദിന്റെ പ്രത്യയശാസ്ത്രമാണ് എംഎംഎൽ പിന്തുടരുന്നതെന്നു ചൂണ്ടിക്കാട്ടി പാക്ക് ആഭ്യന്തരമന്ത്രാലയം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നാലംഗ തിരഞ്ഞെടുപ്പു കമ്മിഷൻ എംഎംഎല്ലിന് അംഗീകാരം നിഷേധിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണു മില്ലി മുസ്‌ലിം ലീഗ് രൂപീകരിച്ചത്. ഭീകരസംഘടനകളുമായി ബന്ധമില്ലെന്നാണു പാർട്ടിനേതാക്കൾ അവകാശപ്പെടുന്നതെങ്കിലും എംഎംഎല്ലിനു വേണ്ടി ഹാഫീസ് സയീദ് പ്രചാരണരംഗത്തുണ്ട്.