ഗാസ: ഇസ്രയേലിനെ അപലപിച്ച് യുഎൻ പൊതുസഭ

ന്യൂയോർക്ക് ∙ ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സംഘടന പൊതുസഭ 120 രാജ്യങ്ങളുടെ വൻഭൂരിപക്ഷ പിന്തുണയോടെ പ്രമേയം പാസാക്കി. ഗാസയിലെ കൂട്ടക്കൊലയുടെ പഴി ഹമാസിനുമേൽ കെട്ടിവയ്ക്കാനുള്ള യുഎസ് നീക്കവും പൊതുസഭ തള്ളി. മാർച്ച് 30നു ശേഷം ഗാസ അതിർത്തിയിൽ നടന്ന പ്രക്ഷോഭങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പുകളിൽ 129 പലസ്തീൻ പൗരൻമാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ പക്ഷത്ത് ആളപായമില്ല.

അറബ്–മുസ്‌ലിം രാജ്യങ്ങൾക്കുവേണ്ടി 193 അംഗ പൊതുസഭയിൽ അൾജീരിയയും തുർക്കിയും അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 120 രാജ്യങ്ങൾ വോട്ട് ചെയ്തു. യുഎസ്, ഓസ്ട്രേലിയ, ഇസ്രയേൽ എന്നിവയും അഞ്ച് കുഞ്ഞൻ രാജ്യങ്ങളും ചേർന്ന് എട്ടു രാജ്യങ്ങൾ എതിർത്തു. 45 രാജ്യങ്ങൾ വിട്ടുനിന്നു. ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തിനെതിരെ ‘അക്രമത്തിന് പ്രോൽസാഹിപ്പിച്ചു’എന്ന പേരിൽ ഹമാസിനെ പഴിചാരുന്ന ഭേദഗതിയുമായി യുഎസ് രംഗത്തെത്തിയെങ്കിലും സഭ അംഗീകരിച്ചില്ല. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്നും പക്ഷപാതപരമാണെന്നും യുഎന്നിലെ യുഎസ് അംബാസഡർ നിക്കി ഹേലി കുറ്റപ്പെടുത്തി.

യുഎസിനൊപ്പം നിന്ന് എതിർത്തു വോട്ട് ചെയ്ത ചെറിയ രാജ്യങ്ങൾ: ടോഗോ (ജനസംഖ്യ– 79.6 ലക്ഷം), സോളമൻ ഐലൻഡ്സ് (5.99 ലക്ഷം), മൈക്രോനേഷ്യ (1.05 ലക്ഷം), നൗരു (13,049). 

ഇസ്രയേൽ സൈന്യം ഗാസയിൽ ‘പരിധിവിട്ടും വകതിരിവില്ലാതെയും ക്രമാതീതമായും’ സൈനികശക്തി പ്രയോഗിച്ചതിനെ അപലപിച്ച പ്രമേയം, അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ പൗരൻമാർക്ക് രാജ്യാന്തര സുരക്ഷാ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരായ ഇതേ പ്രമേയം കഴിഞ്ഞയാഴ്ച യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ചെങ്കിലും യുഎസ് വീറ്റോ ചെയ്തു തള്ളിയിരുന്നു.