Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎന്‍ അലയന്‍സ് സമ്മേളനത്തിന് സയ്യിദ് ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍

Sayyid-Bukhari സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലെ ഗ്ലോബല്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംബന്ധിക്കും. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് 19, 20 തീയതികളില്‍ നടക്കുന്ന എട്ടാമത് ഗ്ലോബല്‍ ഫോറത്തിലാണു ഖലീല്‍ തങ്ങള്‍ സംബന്ധിക്കുക.

സമ്മേളനം 19ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഉദ്ഘാടനം ചെയ്യും. ഗുട്ടറസിന്റെ മേല്‍നോട്ടത്തിൽ, ‘സംവാദം: സമാധാന പാലനത്തിനുള്ള പങ്കാളിത്തം’ എന്ന വിഷയത്തിലാണു ദ്വിദ്വിന സമ്മേളനം. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന സമാധാനരാഹിത്യം നിർമാർജനം ചെയ്യുകയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ പ്രോൽസാഹിപ്പിക്കുകയുമാണു സമ്മേളനത്തിന്റെ ലക്ഷ്യം.

യുഎന്‍ ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി പദ്ധതി, സെക്രട്ടറി ജനറലിന്റെ ഉപദേശകന്‍ അദാമെ ഡിംഗിന്റെ നേതൃത്വത്തില്‍ മത നേതാക്കള്‍ക്കും സമാധാന പ്രവര്‍ത്തകര്‍ക്കുമുള്ള പ്രത്യേക പദ്ധതി എന്നിവയിലെ അംഗമെന്ന നിലയിലാണു സയ്യിദ് ഖലീല്‍ തങ്ങളെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തെ സമ്മേളനത്തിനു ക്ഷണിച്ചത്.

5 പ്രധാന സെഷനുകളാണുള്ളത്. 20ന് യുഎന്‍ അലയന്‍സ് പ്രഖ്യാപനത്തോടെ സമാപിക്കും. മഅ്ദിന്‍ വൈസനിയം സമ്മേളനത്തിന്റെ മുന്നോടിയായുള്ള പ്രിപ്പറെറ്ററി കോണ്‍ഫറന്‍സ് 18ന് ന്യൂ ജഴ്‌സിയില്‍ നടക്കും. റബീഉല്‍ അവ്വല്‍ 12നോടനുബന്ധിച്ച് 19ന് ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനത്തില്‍ ഖലീല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.