സ്വത്തുവിവരം അറിയിക്കാൻ മുഷറഫിനും സർദാരിക്കും സുപ്രീം കോടതി നിർദേശം

പർവേസ് മുഷറഫ്, ആസിഫ് അലി സർദാരി

ഇസ്‍ലാമാബാദ്∙ വിവാദമായ നാഷനൽ റികൺസിലിയേഷൻ ഓർഡിനൻസ് (എൻആർഒ) മൂലം രാജ്യത്തിനുണ്ടായ നഷ്ടം വീണ്ടെടുക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ മുൻ പ്രസിഡന്റുമാരായ പർവേസ് മുഷറഫ്, ആസിഫ് അലി സർദാരി എന്നിവരോട് അവരുടെ ആസ്തികളുടെ വിവരം അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. രാജ്യത്തും വിദേശത്തുമുള്ള എല്ലാത്തരം ആസ്തികളുടെയും വിവരം അറിയിക്കണം.

2007 ഒക്ടോബറിൽ മുഷറഫ് സർക്കാർ കൊണ്ടുവന്ന ഈ ഓർഡിനൻസിനെ തുടർന്ന് രാഷ്ട്രീയക്കാർക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി അവർക്ക് രാജ്യത്തേക്കു തിരിച്ചുവരാൻ വഴിയൊരുക്കിയിരുന്നു. മുൻ അറ്റോർണി ജനറൽ മാലിക് ഖയൂമിനോടും ആസ്തികളുടെ വിവരം അറിയിക്കാൻ ചീഫ് ജസ്റ്റിസ് സാദിഖ് നിസാർ ആവശ്യപ്പെട്ടിട്ടുണ്ട്.