സർദാരിക്കും സഹോദരിക്കും യാത്രാവിലക്ക്

ആസിഫ് അലി സർദാരി

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും സഹോദരി ഫര്യാൽ തൽപുരിനും സുപ്രീംകോടതിയുടെ വിദേശ യാത്രാവിലക്ക്. വ്യാജബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇവരുൾപ്പെടെ 20 പേർക്കു ചീഫ് ജസ്റ്റിസ് സഖീബ് നിസാർ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

29 വ്യാജ അക്കൗണ്ടുകളിലൂടെ പത്തുമാസത്തിനിടെ 450 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണു കേസ്. സർദാരി ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്കു ഒന്നരക്കോടി രൂപ വ്യാജ അക്കൗണ്ടിൽനിന്നു കൈമാറിയിട്ടുണ്ട്. സർദാരിയുടെ അടുപ്പക്കാരനും സമ്മിറ്റ് ബാങ്ക് വൈസ് ചെയർമാനുമായ ഹുസൈൻ ലവായിയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ദേശീയ അസംബ്ലിയിലേക്കു നവാബ്ഷാ മണ്ഡലത്തിൽനിന്നു മൽസരിക്കാനിരിക്കുകയാണ് സർദാരി.