അതിസാഹസികം ബഡ്ഡി ഡൈവിങ്

ഇടുങ്ങിയ, ദുർഘടമായ വഴികൾ പിന്നിട്ടാണ് രക്ഷാസംഘം നാലു കുട്ടികളെ ഇന്നലെ ഗുഹയ്ക്കു പുറത്തെത്തിച്ചത്. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളം. വായുസഞ്ചാരം കുറവ്. പല സ്ഥലങ്ങളിലും വെള്ളത്തിൽ മുങ്ങേണ്ടിവന്നു. ഇടുങ്ങിയ സ്ഥലങ്ങളിൽ കുട്ടിക്കൊപ്പം നീന്തുന്ന ബഡ്ഡി ഡൈവർക്ക് ഒപ്പം പോകാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഇവിടെ ഒന്നിനു പുറകെ ഒന്നായി മാത്രമേ മുന്നോട്ടുപോകാനായുള്ളൂ. ഇന്ന് ബാക്കിയുള്ളവരെ പുറത്തെത്തിക്കാനും ഇതേ സാഹസികത രക്ഷാപ്രവർത്തകർക്ക് ആവർത്തിക്കേണ്ടി വരും. 

മഴ പെയ്യരുതേ എന്നു പ്രാർഥന

മഴ പെയ്യരുതേ എന്നാണ് തായ്‍ലൻഡ് ഇപ്പോൾ പ്രാർഥിക്കുന്നത്. ഗുഹയ്ക്കുള്ളിൽ ബാക്കിയുള്ള ഒൻപതു പേരെ രക്ഷിച്ചു പുറത്തുകൊണ്ടുവരാൻ ഒന്നിലധികം ദിവസം വേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് രക്ഷാപ്രവർത്തകർ. വരുംദിവസങ്ങളിൽ കാലവർഷം കനക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിക്കാൻ കഴിഞ്ഞത് കാലാവസ്ഥയുടെ കൂടി ആനുകൂല്യത്തിലാണ്. നാലു ദിവസമായി മഴ മാറി നിൽക്കുകയായിരുന്നു. ഇനിയും മഴ പെയ്താൽ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് ഉയരും. ഇത് രക്ഷാദൗത്യം സങ്കീർണമാക്കും. 

ചേംബർ 3: വാർ റൂം

ഗുഹയ്ക്കുള്ളിൽ ചേംബർ മൂന്ന് എന്നറിയപ്പെടുന്ന അറയ്ക്കുള്ളിലാണ് രക്ഷാപ്രവർത്തകരുടെ ‘യുദ്ധമുറി’. ഗുഹാമുഖത്തുനിന്ന് 700 മീറ്റർ ഉള്ളിലുള്ള ഈ അറയിൽനിന്നാണ് എല്ലാം ഏകോപിപ്പിക്കുന്നത്. കുട്ടികൾക്കെത്തിക്കാനുള്ള ഓക്സിജൻ സിലിണ്ടറുകൾ, നീന്തൽ വസ്ത്രങ്ങൾ, ഭക്ഷണം, മരുന്ന് എല്ലാം സംഭരിച്ചിരിക്കുന്നതും ഇവിടെയാണ്. ഇവിടെ വരെ എത്തിയാൽ പിന്നീട് പുറത്തേക്കു നീന്തിയെത്തുക എളുപ്പമാണ്. ഇന്നലെ രക്ഷിച്ച നാലുപേരെയും ആദ്യം എത്തിച്ചത് ഇവിടെയാണ്.