താം ലുവാങ് ഗുഹ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്?

തായ്‍ലൻഡിൽ ഗുഹയിൽ കുട്ടികൾ അകപ്പെട്ടപ്പോൾ പലരും ചോദിച്ച ചോദ്യമുണ്ട് – കുട്ടികൾ അകത്തേക്കു പോയതുപോലെ അവരെ തിരികെ ഇങ്ങോട്ടു കൊണ്ടുവന്നാൽ പോരേ? എന്തിനാണ് ഇത്രയേറെ സന്നാഹങ്ങൾ? 

എന്നാൽ, താം ലുവാങ് ഗുഹ, പ്രത്യേകിച്ചും മഴക്കാലത്ത്, രക്ഷാപ്രവർത്തകരെ ഭയപ്പെടുത്തുന്നതിനു കാരണങ്ങൾ ഒരുപാടുണ്ട്. 

1. കുട്ടികൾ കയറുമ്പോൾ ഗുഹയ്ക്കുള്ളിൽ വെള്ളമില്ല. എന്നാൽ പേമാരി പെയ്ത് ഗുഹ പലയിടത്തും നിറഞ്ഞു. 

2. വെള്ളത്തോടൊപ്പം മാലിന്യങ്ങളും ചെളിയും നിറഞ്ഞു ഗുഹയ്ക്കുള്ളിലെ ഇടുക്കുകൾ അടഞ്ഞു. 

3. കുട്ടികൾ മുൻപും ഗുഹയിൽ പോയിട്ടുള്ളവരാണ്. അങ്ങോട്ടുള്ള യാത്രയിൽ ഇടുക്കുകളിലൂടെ നൂഴ്ന്നിറങ്ങുക താരതമ്യേന എളുപ്പമായിരുന്നിരിക്കണം. 

4. ഉള്ളിലേക്കു വെള്ളം ഇരച്ചെത്തിയപ്പോൾ പുറത്തേക്കു കടക്കാനാകാതെ കുട്ടികൾ കുടുങ്ങി. വെള്ളം കയറുന്നതനുസരിച്ച് കൂടുതൽ ഉള്ളിലേക്കു പോയി, ഒടുവിൽ ഒരു പാറക്കെട്ടിൽ അഭയം പ്രാപിച്ചു. താഴെ വെള്ളം നിറഞ്ഞു. 

5. ഇരുട്ടുപരന്നതോടെ ഒന്നും കാണാനാകാത്ത അവസ്ഥ. എവിടേക്കു പോകണമെന്ന് യാതൊരു ധാരണയുമില്ലാതായി. 

6. രക്ഷാപ്രവർത്തകർക്കു കുട്ടികളെ കണ്ടെത്താൻ ഒൻപതു ദിവസമെടുത്തു എന്നതു തന്നെ ഗുഹയ്ക്കുള്ളിലെ അവസ്ഥ തെളിയിക്കുന്നു.

7. വെള്ളവും മാലിന്യങ്ങളും കയറിയതോടെ ഗുഹയ്ക്കുള്ളിലെ വായു അപകടകരമായ രീതിയിൽ കുറഞ്ഞു. കുട്ടികൾക്ക് കൂടുതൽ നാൾ അവിടെ കഴിയാനാകാത്ത അവസ്ഥ ഉണ്ടാകുമായിരുന്നു. 

8. ഗുഹയ്ക്കുള്ളിൽ ചിലയിടങ്ങളിൽ രണ്ടടി മാത്രം വ്യാസമുള്ള ഇടുക്കുകൾ. ഇതിലൂടെ അവശരായ കുട്ടികളെ കൊണ്ടുവരിക അതീവശ്രമകരമായിരുന്നു. 

9. ഗുഹയ്ക്കുള്ളിലേക്ക് മുകളിൽനിന്നു കുഴലുകൾ ഡ്രിൽ ചെയ്യാൻ ശ്രമിച്ചെങ്കിലും കട്ടിയുള്ള പാറ തടസ്സമായി. ഗുഹയിലെ ചുണ്ണാമ്പുകല്ലുകൾ ഇടിഞ്ഞുവീഴുമോ എന്ന ഭയവും.  

10. ഗുഹയുടെ പിന്നാമ്പുറത്തോ മറ്റെവിടെയെങ്കിലുമോ വേറെ പ്രവേശനമാർഗമുണ്ടോ എന്നു കണ്ടെത്താനുള്ള ശ്രമവും വിജയിച്ചില്ല. കൊടുംകാട്ടിൽ ഇതു കണ്ടെത്തുക അസാധ്യമായിരുന്നു.