വിശന്നിരുന്നതല്ലേ അവർ; ഇനി വയറുനിറഞ്ഞോട്ടെ.. തായ് കുട്ടികൾക്കു വിരുന്നൊരുക്കാൻ മൽസരിച്ച് റസ്റ്ററന്റുകൾ

നാന റസ്റ്ററന്റ് അടുക്കളയിൽ

മായ് സായ് (തായ്‌‍ലൻഡ്)∙ ചിയാങ് റായിലെ ഇരുട്ടുഗുഹയിൽ പതിനേഴുദിവസം വിശന്നുവലഞ്ഞു കഴിഞ്ഞതിന്റെ സങ്കടം തീർക്കാൻ തായ് ബാലന്മാരെ ക്ഷണിച്ചു വരിനിൽക്കുന്നതു വൻകിട റസ്റ്ററന്റുകൾ. ആശുപത്രി വിട്ടിട്ടില്ലാത്ത പന്ത്രണ്ടു കുട്ടികളും ഫുട്ബോൾ പരിശീലകൻ ഏക്കും സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതതോടെയാണു വിരുന്നൊരുക്കാൻ തിരക്ക്. 

ഇന്നത്തെ വിരുന്നു തായ്‌ലൻഡിലെ പ്രശസ്ത റസ്റ്ററന്റ് മാ ലോങ് ദേറിന്റെ വകയാണ്. ഒരു മുട്ടവിഭവമാണു മെനുവിലെ താരം. കായ് കൗ ലോങ്ദേർ എന്നു പേര്. ഒരു തരം എഗ് റോൾ. കോഴിമുട്ടയും പോർക്കും തുളസിപോലുള്ള ഇലയും സുഗന്ധദ്രവ്യങ്ങളും ചേർത്താണു തയാറാക്കുന്നത്. ഒപ്പം കഴിക്കാൻ പച്ചക്കറിയും തക്കാളി സോസും. ഒരു പ്ലേറ്റിനു റസ്റ്ററന്റിലെ വില 260 രൂപ.

ഇതു തയാറാക്കി ആശുപത്രിയിലേക്ക് അയച്ചുകൊടുക്കുന്നതു റസ്റ്ററന്റ് ഉടമ കൂടിയായ പ്രശസ്ത ഷെഫ് റത്തനസുദ എന്ന നാനയാണ്. പന്ത്രണ്ടു കുട്ടികൾക്കും ഏക്കിനും കൂടി പതിമൂന്നു പ്ലേറ്റിനു പകരം എത്തിച്ചുകൊടുക്കുന്നത് 20 പ്ലേറ്റ്. രക്ഷാപ്രവർത്തനം നടന്ന നാളുകളിലും നാന ഭക്ഷണമുണ്ടാക്കി കൊടുക്കുന്നുണ്ടായിരുന്നു. തായ് രാജാവിന്റെ പാചകക്കാരും ഗുഹാമുഖത്ത് അടുക്കള കെട്ടി ആഹാരം തയാറാക്കിയിരുന്നു.

ഇതിനിടെ, ലണ്ടനിൽ സെപ്റ്റംബർ 24ന്, മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലേക്കു തായ് ബാലന്മാരെ ഫിഫ അധികൃതർ ക്ഷണിച്ചു കഴിഞ്ഞു. മോസ്കോയിൽ ലോകകപ്പ് ഫൈനലിന് എത്താനാകില്ലെന്ന് അറിയിച്ചപ്പോഴാണു പുതിയ ക്ഷണം.