പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പു റാലികളിൽ ചാവേർ സ്ഫോടനം: 90 മരണം

പാക്കിസ്ഥാനിലെ ക്വറ്റയിൽ തിരഞ്ഞെടുപ്പ് റാലികൾക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്കു നീക്കുന്നു.

പെഷാവർ/കറാച്ചി ∙ പൊതുതിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, പാക്കിസ്ഥാനിലെ സംഘർഷമേഖലയായ ബലൂചിസ്ഥാനിൽ തിരഞ്ഞെടുപ്പുറാലികളിലുണ്ടായ ചാവേർ സ്ഫോടനത്തിൽ സ്ഥാനാർഥി ഉൾപ്പെടെ 90 പേർ കൊല്ലപ്പെട്ടു. നൂറ്റിയിരുപതിലേറെപേർക്കു ഗുരുതരമായി പരുക്കേറ്റു. 

മരണസംഖ്യ 100 കടന്നേക്കുമെന്നാണു റിപ്പോർട്ടുകൾ. ഒരു വർഷത്തിനിടെ പാക്കിസ്ഥാനിലുണ്ടായ ഏറ്റവും വലിയ ചാവേറാക്രമണമാണിത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മൂന്നാമത്തെ ആക്രമണവും.

ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ നടന്ന തിരഞ്ഞെടുപ്പു റാലികളിൽ രാഷ്ട്രീയനേതാക്കളെ ലക്ഷ്യമിട്ട് ഭീകരർ ഇന്നലെ രണ്ടു വലിയ ബോംബു സ്ഫോടനങ്ങളാണു നടത്തിയത്. 

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോംബ് സ്ഫോടനത്തിൽ ബലൂചിസ്ഥാൻ‌ അവാമി പാർട്ടി (ബിഎപി) നേതാവ് സിറാജ് റെയ്‌സാനിയാണു കൊല്ലപ്പെട്ടത്. ബലൂചിസ്ഥാൻ മുൻമുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനാണ്. ഉഗ്രസ്ഫോടനത്തിൽ 85 പേരാണു കൊല്ലപ്പെട്ടത്. 

ഇതിനു മണിക്കൂറുകൾക്കു മുൻപാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ മുത്താഹിദ മജ്‌ലിസ് അമൽ (എംഎംഎ) പാർട്ടി നേതാവ് അക്രം ഖാൻ ദുറാണിയുടെ തിരഞ്ഞെടുപ്പു റാലിയുടെ നേരെ ബോംബു സ്ഫോടനം ഉണ്ടായത്. ദുറാണി പരുക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും സ്ഫോടനത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 

തിങ്കളാഴ്ച പെഷാവറിൽ തിരഞ്ഞെടുപ്പുയോഗസ്ഥലത്തുണ്ടായ ചാവേർ ആക്രമണത്തിൽ അവാമി നാഷനൽ പാർട്ടി (എഎൻപി) നേതാവും സ്ഥാനാർഥിയുമായ ഹറൂൺ ബൈലൂറും മറ്റ് 19 പേരും കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനയായ തെഹ്‌രികെ താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.