എച്ച്–1ബി വീസക്കാർക്കെതിരെ ക്രൂര നയവുമായി യുഎസ്

വാഷിങ്ടൻ∙ എച്ച്–1ബി വീസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കമുള്ളവർക്കെതിരെ ക്രൂരമായ ചട്ടവുമായി യുഎസ്. മുൻപ് വീസ നീട്ടിക്കിട്ടാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ നാട്ടിലേക്ക് ഉടൻ തിരിച്ചുപോരാമായിരുന്നുവെങ്കിൽ, ഇനി ഇമിഗ്രേഷൻ കോടതി അനുവദിച്ചശേഷമേ മടങ്ങാനാവൂ. കുറ്റവാളികളെ ജന്മനാട്ടിലേക്കു മടക്കി അയയ്ക്കുന്ന അതേ നടപടിക്രമമാണ് ഇവർക്കും ഇനി ബാധകമാവുക. 

സ്റ്റാറ്റസ് മാറ്റിക്കിട്ടുന്നതിനുള്ള അപേക്ഷ (പൗരത്വം കിട്ടാനുള്ള അവസാന നടപടിക്രമം) നിരസിക്കപ്പെട്ടാലും ഫോം1– 94 ൽ പറയുംവിധം യുഎസിൽ താമസിക്കാനുള്ള കാലാവധി തീർന്നാലും ഇതേ നടപടിക്കു വിധേയരാകേണ്ടിവരും. അപേക്ഷ നിരസിക്കപ്പെടുന്നതോടെ ഇവർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നതായി കണക്കാക്കപ്പെടും. 

കോടതിയിൽ ഹാജരാകാൻ യുഎസ്‌സിഐഎസ് നോട്ടിസ് അയയ്ക്കുന്നതോടെ നിയമനടപടിക്കു തുടക്കമാകും. കേസ് കേൾക്കുന്നതുവരെ ജോലി ചെയ്യാനാവാതെ മാസങ്ങളോളം യുഎസിൽ തങ്ങേണ്ടിവരുമെന്നതാണ് ഇതുമൂലമുണ്ടാകുന്ന ഗതികേട്. മേയ് 31 വരെയുള്ള കണക്കുപ്രകാരം ഇമിഗ്രേഷൻ കോടതിയിൽ ഏഴു ലക്ഷത്തിൽപരം കേസുകളാണ് കെട്ടിക്കിടക്കുന്നത്. അതിനാൽ പുതിയ കേസിൽ ആദ്യവാദം കേൾക്കാൻ തന്നെ മാസങ്ങളെടുക്കും. കോടതിയിൽ ഹാജരാകാതിരുന്നാൽ യുഎസിൽ പിന്നീട് പ്രവേശിക്കുന്നതിന് അഞ്ചു വർഷത്തേക്കു വിലക്കു വരും. 

അപേക്ഷ നിരസിക്കപ്പെട്ട് ഒരു വർഷം കഴിഞ്ഞാണ് യുഎസിൽ നിന്നു സ്വയം പോകാൻ കോടതിയുടെ അനുമതി ലഭിക്കുന്നതെങ്കിൽ 10 വർഷത്തെ വിലക്കും വരും.

വീസ നീട്ടിക്കിട്ടാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ ഇന്ത്യയിലേക്കു മടങ്ങുകയും അതിനിടെ ജോലി ചെയ്യുന്ന കമ്പനി പുതുതായി അപേക്ഷ നൽകി എച്ച്–1ബി വീസ സമ്പാദിക്കുകയുമായിരുന്നു ഇതുവരെ നടന്നുവന്നിരുന്നത്.

എച്ച്–1ബി വീസക്കാർക്കു മാത്രമല്ല, വിദേശരാജ്യങ്ങളിൽ നിന്നു ഇവിടെ പഠിക്കാൻ വരുന്ന വിദ്യാർഥികളും പ്രശ്നങ്ങൾ നേരിടേണ്ടിവരും. അനധികൃതമായി ജോലി ചെയ്യുക, കോഴ്സിനു ചേരാതിരിക്കുക, പഠിക്കുന്ന സ്ഥാപനം വിദ്യാർഥിയുടെ വിവരങ്ങൾ കൃത്യമായി പുതുക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും ഇതേ നടപടി സ്വീകരിച്ചേക്കാം. ഗ്രീൻ കാർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന പേരിൽ ആനുകൂല്യമൊന്നും ലഭിക്കില്ല.