Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ വേർപിരിക്കൽ: 17 യുഎസ് സംസ്ഥാനങ്ങൾ ട്രംപിനെതിരെ

വാഷിങ്ടൻ ∙ അഭയാർഥികളുടെ മക്കളെ മാതാപിതാക്കളിൽനിന്നു വേർപിരിച്ചു തടവിലാക്കിയതിന്റെ പേരിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ 17 സംസ്ഥാനങ്ങളുടെ നിയമനടപടി. പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ അറ്റോർണി ജനറൽമാരുള്ള വാഷിങ്ടൻ, ന്യൂയോർക്ക്, കലിഫോർണിയ, മാസച്യുസിറ്റ്സ്, ഡെലവെയർ, അയോവ, ഇല്ലിനോയ്, മേരിലാൻഡ്, മിനസോട്ട, ന്യൂജഴ്സി, ന്യൂ മെക്സിക്കോ, നോർത്ത് കാരലൈന, ഓറിഗൻ, പെൻസിൽവേനിയ, റോഡ് ഐലൻഡ്, വെർമോണ്ട്, വെർജീനിയ എന്നിവയടക്കമുള്ള സംസ്ഥാനങ്ങളിലാണു നടപടി.

2300 കുട്ടികളെയാണു കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ കുടിയേറ്റക്കാരായ മാതാപിതാക്കളിൽനിന്ന് അധികൃതർ പിടിച്ചെടുത്തത്. ഇതിനെതിരെ ആഗോളതലത്തിൽ പ്രതിഷേധമുണ്ടായതിനെ തുടർന്നു കുട്ടികളെ വേർപിരിക്കുന്നതു ഭരണകൂടം ഉപേക്ഷിച്ചിരുന്നു. ഇതു സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവച്ചെങ്കിലും ഭൂരിഭാഗം കുട്ടികളും ഇതുവരെ അച്ഛനമ്മമാരുടെ അടുത്തെത്തിയിട്ടില്ല. ഇതിനെതിരെയാണു സംസ്ഥാനങ്ങൾ നടപടിയാരംഭിച്ചത്.

ഇതേസമയം, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ രണ്ടാഴ്ചയ്ക്കുള്ളിലും അതിനു മുകളിലുള്ളവരെ 30 ദിവസത്തിനുള്ളിലും അച്ഛനമ്മമാരുടെ അടുത്തെത്തിക്കണമെന്നു കലിഫോർണിയയിലെ കോടതി നിർദേശം നൽകി. യുഎസ് പ്രഥമവനിത മെലനിയ ട്രംപ് തടവിലാക്കപ്പെട്ട കുട്ടികളെ ഈയാഴ്ച സന്ദർശിക്കുന്നുണ്ട്.