Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നോട്ടില്ലെന്ന് ട്രംപ്; കുടിയേറ്റ നയത്തിനെതിരെ യുഎസിൽ പ്രതിഷേധ റാലികൾ

Protest in US ട്രംപിനെതിരെ പ്രതിഷേധവുമായി അണിനിരന്നവർ

വാഷിങ്ടൻ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ യുഎസിൽ വൻ പ്രതിഷേധം. അഭയാർഥികളെയും അവരുടെ മക്കളെയും വേർപിരിച്ചു തടവിലാക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെതിരെ ഒട്ടേറെ യുഎസ് നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. വൈറ്റ് ഹൗസിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ കനത്ത വെയിലിനെ അവഗണിച്ച് നൂറുകണക്കിനുപേർ പങ്കെടുത്തു.

മനുഷ്യത്വമില്ലാത്ത നയം അവസാനിപ്പിക്കണമെന്ന് യുഎസ് കോൺഗ്രസിലെ ഇന്ത്യൻ വംശജ അംഗം പ്രമീള ജയപാൽ ട്രംപിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിക്കാരും വിവിധ മനുഷ്യാവകാശ സംഘടനകളുമാണു പ്രതിഷേധം സംഘടിപ്പിച്ചത്. വാഷിങ്ടനു പുറമേ അറ്റ്ലാന്റ, ന്യൂയോർക്ക്, ഷിക്കാഗോ അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ റാലികൾ നടന്നു. കലാകാരന്മാരും സന്നദ്ധപ്രവർത്തകരും പങ്കെടുത്തു.

എന്നാൽ, അനധികൃതമായി കടന്നുവരുന്നവരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്യുമെന്നു ട്രംപ് പ്രതികരിച്ചു. 2300 കുട്ടികളെയാണ് മാതാപിതാക്കളിൽനിന്നു വേർപിരിച്ചു യുഎസിൽ ശിശുസംരക്ഷണ കേന്ദ്രങ്ങളിലാക്കിയത്. ലോകവ്യാപകമായി എതിർപ്പുണ്ടായതിനെത്തുടർന്ന് കുട്ടികളെ വേർപിരിക്കുന്നതു നിർത്തലാക്കിയിരുന്നു. പക്ഷേ, ഭൂരിഭാഗം കുട്ടികളും ഇനിയും അച്ഛനമ്മമാരുടെ അടുത്തെത്തിയിട്ടില്ല.