ഹാഫിസ് സയീദിന്റെ ഫെയ്സ്ബുക് അക്കൗണ്ട് നീക്കി

ലഹോർ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടിയായ ഇസ്‌ലാമിസ്റ്റ് മില്ലി മുസ്‌ലിം ലീഗിന്റെ (എംഎംഎൽ) അക്കൗണ്ടുകളും പേജുകളും ഫെയ്സ്ബുക് നീക്കം ചെയ്തു. പാക്കിസ്ഥാനിൽ 25നു പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെയ്സ്ബുക് സാന്നിധ്യം ഇല്ലാതായത് സയീദിനു വൻ തിരിച്ചടിയായി.

പാക്കിസ്ഥാൻ, ഇന്ത്യ, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഗുണപരമായ സംവാദമല്ലാതെയുള്ള ഇടപെടലുകളുണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക് അധികൃതർ പാക്ക് ഇലക്‌ഷൻ കമ്മിഷനെ സമീപിച്ച് പല വ്യാജ അക്കൗണ്ടുകളും റദ്ദാക്കിയിരുന്നു. എംഎംഎലിന് ഇലക്‌ഷൻ കമ്മിഷൻ അംഗീകാരം നൽകിയിട്ടില്ല. ലഷ്കറെ തയിബയുമായി ബന്ധമുള്ളതിനാൽ എംഎംഎലിനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയിൽ പെടുത്തിയിരുന്നു.

ഇതിനിടെ, അഴിമതിക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മുൻധനമന്ത്രി ഇഷാഖ് ധറിനെ അറസ്റ്റ് ചെയ്യുന്നതിനായി പാക്ക് സർക്കാർ ഇന്റർപോളിനെ സമീപിച്ചു. ഇപ്പോൾ ലണ്ടനിലുള്ള ഇയാൾക്കെതിരായി വാറന്റ് പുറപ്പെടുവിച്ചു. 831.7 കോടി രൂപയുടെ അവിഹിത സമ്പാദ്യമാണ് കണ്ടെത്തിയത്.