ഹെൽസിങ്കിയിൽ അബദ്ധം പറ്റിയെന്ന് ട്രംപ്

വാഷിങ്ടൻ ∙ ഹെൽസിങ്കിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനു കൈകൊടുത്തു സ്നേഹിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം രാജ്യത്തെ അന്വേഷണ ഏജൻസികളെ അപമാനിച്ചുവെന്നു യുഎസിൽ കടുത്ത വിമർശനം.

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തലുകളെ പിന്തുണയ്ക്കാത്ത നിലപാടാണു ട്രംപ് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ സ്വീകരിച്ചത്. ‘റഷ്യ ഇടപെട്ടുവെന്നാണു ചിലർ പറയുന്നത്. എന്നാൽ, ഇല്ലെന്നു പുടിൻ പറയുന്നു. റഷ്യ ഇടപെടാനുള്ള ഒരുകാരണവും ഞാൻ കാണുന്നില്ല’– എന്നായിരുന്നു പുടിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപിന്റെ പ്രതികരണം.

എന്നാൽ വാർത്താസമ്മേളനത്തിൽ തനിക്ക് അബദ്ധം പറ്റിയെന്നു ട്രംപ് പിന്നീട് വിശദീകരിച്ചു. ‘റഷ്യ ഇടപെടാതിരിക്കാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല’ എന്നാണു പറയേണ്ടിയിരുന്നത്. അതു തെറ്റായിപ്പോയി. യൂറോപ്യൻ പര്യടനം കഴിഞ്ഞെത്തിയ ട്രംപ് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.