വ്യാഴത്തിന്റെ പുതിയ 12 ചന്ദ്രന്മാരെ കണ്ടെത്തി

ന്യൂയോർക്ക്∙ വ്യാഴഗ്രഹത്തിനെ ഭ്രമണം ചെയ്യുന്ന 12 ഉപഗ്രഹങ്ങളെ പുതുതായി കണ്ടെത്തി. യുഎസ് ഗവേഷകരാണു പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ. സൗരയൂഥത്തിൽ ഒരു ഒൻപതാംഗ്രഹം മറഞ്ഞിരിക്കുന്നെന്ന അഭ്യൂഹം ശാസ്ത്രലോകത്തു കുറച്ചുകാലമായി ശക്തപ്പെട്ടിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള പഠനമാണു പുതിയ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. പുതിയ കണ്ടുപിടിത്തത്തോടെ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം 79 ആയി.

കഴിഞ്ഞവർഷം ചിലെയിലുള്ള ഒബ്സർവേറ്ററിയിലെ ടെലിസ്കോപ്പിലാണു പുതിയ ചന്ദ്രൻമാർ ആദ്യം പതിഞ്ഞത്. തുടർന്ന് ഒരുവർഷം നീണ്ടുനിന്ന നിരീക്ഷണത്തിനൊടുവിലാണു സ്ഥിരീകരിച്ചത്. പുതുതായി കണ്ടെത്തിയതിൽ വാലിറ്റ്യൂഡോ എന്ന ഉപഗ്രഹം മറ്റുള്ളവയുടെ വിപരീത ദിശയിലാണ് ഭ്രമണം ചെയ്യുന്നത്. ഇതു ഭാവിയിൽ മറ്റൊന്നുമായി കൂട്ടിയിടിച്ചു നശിക്കാൻ സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു.