ഫുട്ബോൾ ജഴ്സിയണിഞ്ഞ്, പുഞ്ചിരിയോടെ അവർ ക്യാമറയ്ക്കു മുന്നിൽ

തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ നിന്നു രക്ഷപ്പെട്ട 12 ആൺകുട്ടികളും ഫുട്ബോൾ കോച്ചും വാർത്താസമ്മേളനത്തിനെത്തിയപ്പോൾ. ചിത്രം: റോയിട്ടേഴ്സ്

ചിയാങ് റായ് ∙ പന്തും ഗോൾ പോസ്റ്റും നെറ്റുമായി ഫുട്ബോൾ സ്റ്റേഡിയത്തിന്റെ മാതൃകയിൽ ഒരുക്കിയ മനോഹരമായ വേദി. ആശുപത്രി വാഹനത്തിൽനിന്നു പുറത്തിറങ്ങിയത് 13 നറുപുഞ്ചിരികൾ. താം ലുവാങ് ഗുഹയിൽ രണ്ടാഴ്ചയിലേറെ കുടുങ്ങിപ്പോയ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഫുട്ബോൾ പരിശീലകനും ‘വൈൽഡ് ബോർസ്’ ഫുട്ബോൾ ക്ലബിന്റെ കുപ്പായമണിഞ്ഞ് പന്തു തട്ടി വേദിയിലെത്തി കസേരകളിലിരുന്നു.

ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയ തായ് നാവികസേനയുടെ സീൽ അംഗങ്ങളിൽ അഞ്ചുപേരും ഒപ്പമുണ്ടായിരുന്നു. മുൻകൂട്ടി എത്തിച്ചുകൊടുത്ത ചോദ്യങ്ങൾക്കു മാത്രമായിരുന്നു സംഘത്തിന്റെ മറുപടി. മുക്കാൽ മണിക്കൂർ ചടങ്ങ് ടിവിയിൽ കണ്ടത് രാജ്യമെമ്പാടുമുള്ള ജനങ്ങൾ. 

ആ മാന്ത്രിക നിമിഷം

വെള്ളപ്പൊക്കത്തിൽ, പാറക്കൂട്ടത്തിലിരിക്കുന്ന കുട്ടികളെയും കോച്ചിനെയും ബ്രിട്ടിഷ് നീന്തൽ വിദഗ്ധന്മാർ കണ്ടെത്തിയ ആ സായാഹ്ന നിമിഷത്തിനു മാന്ത്രിക സ്പർശമുണ്ടായിരുന്നെന്നു 14 വയസ്സുള്ള സംഘാംഗം അദുൽ സമോൻ. കൂട്ടത്തിൽ ഇംഗ്ലിഷ് സംസാരിക്കാനറിയാവുന്നത് അദുലിനു മാത്രമാണ്. രക്ഷാസംഘത്തെ കണ്ടപ്പോൾ ഹലോ എന്നു മാത്രമാണ് ആ നിമിഷം തനിക്കു പറയാനായതെന്ന് അവൻ ഓർത്തെടുത്തു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി വാക്കുകൾ തൊണ്ടയിൽ തടഞ്ഞുനിന്നു. ആലോചിച്ച ശേഷമാണ് മറുപടി പറയാനായത്. 

ഭക്ഷണത്തെക്കുറിച്ച് ഓർക്കാതെ

പുറത്തെ കടയിൽനിന്നു ഭക്ഷണം കഴിച്ച ശേഷമാണ് ജൂൺ 23നു ഗുഹയ്ക്കുള്ളിൽ കയറിയത്. ഒന്നും കയ്യിൽ കരുതിയിരുന്നില്ല. ഗുഹയ്ക്കുള്ളിലെ പാറക്കെട്ടിൽനിന്നൂറിവന്ന തെളിവെള്ളം മാത്രമായിരുന്നു ഈ ദിവസങ്ങളിൽ കുടിച്ചത്– ടീ എന്ന ബാലൻ വിവരിച്ചു. വിശപ്പ് കൂടാതിരിക്കാൻ ഭക്ഷണത്തെക്കുറിച്ച് ഓർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചെന്നു സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടൈറ്റൻ പറഞ്ഞു. രക്ഷാസംഘത്തെ പ്രതീക്ഷിച്ച്, ഊഴംവച്ച് ഗുഹാഭിത്തിയിൽ ഉരച്ചു ശബ്ദമുണ്ടാക്കാൻ ശ്രമിച്ചെന്നും കുട്ടികളും കോച്ച് ഏക്കും പറഞ്ഞു. നിരാശപ്പെട്ടിരിക്കാതെ പരസ്പരം ആശ്വാസം പകർന്നു. 

സമനു വേണ്ടി സന്ന്യാസം

രക്ഷാദൗത്യത്തിനിടെ മരിച്ച നീന്തൽ വിദഗ്ധൻ സമനുവേണ്ടി ബാലന്മാർ അൽപകാലം ബുദ്ധഭിക്ഷുക്കളായി കഴിയും. വൻദുരന്തങ്ങളിൽനിന്നു രക്ഷപ്പെട്ടെത്തുന്ന പുരുഷന്മാർ നന്ദിപ്രകാശനത്തിനായി സന്ന്യാസം സീകരിക്കുന്നതു തായ്‌ലൻഡ് സംസ്കാരത്തിന്റെ ഭാഗമാണ്. 

ഇനി സാധാരണ ജീവിതം

ഗുഹയിൽനിന്നു രക്ഷപ്പെട്ടെത്തിയ ശേഷം കുട്ടികളിലോരോരുത്തർക്കും ശരാശരി മൂന്നുകിലോ വീതം തൂക്കം വച്ചു. ഇനിയവരുടെ ജീവിതം തീർത്തും സാധാരണ രീതിയിലാകണമെന്നും ഇനി മാധ്യമങ്ങളുമായി കൂടിക്കാഴ്ചകളൊന്നുമില്ലെന്നും ചിയാങ് റായ് ഗവർണർ പ്രചോൻ പ്രത്സുകാൻ അറിയിച്ചിട്ടുണ്ട്. ബാങ്കോക്കിലെ റോയൽ പ്ലാസ ചത്വരത്തിൽ ബാലന്മാർക്കായി രാജ്യത്തിന്റെ പേരിൽ വിരുന്നൊരുക്കാൻ തായ് രാജാവിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു.