ഉത്തര കൊറിയ പട്ടിണിയിൽ; സഹായമെത്തിക്കാൻ യുഎൻ ഉപരോധ ഇളവിനു നീക്കം

ന്യൂയോർക്ക് ∙ ഉത്തര കൊറിയയിലേക്കു ജീവകാരുണ്യ സഹായമെത്തിക്കാനായി കടുത്ത ഉപരോധങ്ങളിൽ ഇളവു നൽകാൻ ഐക്യരാഷ്ട്രസംഘടന (യുഎൻ) രക്ഷാസമിതി നീക്കം. ഇതു സംബന്ധിച്ച യുഎസ് നിർദേശത്തിനു യുഎൻ തിങ്കളാഴ്ച അംഗീകാരം നൽകിയേക്കും. 

യുഎന്നിന്റെ കണക്കനുസരിച്ച് ഉത്തരകൊറിയയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു കോടി ജനങ്ങൾ പട്ടിണിയിലാണ്. കനത്ത ഉപരോധം മൂലം വലയുന്ന രാജ്യത്തു കഴിഞ്ഞവർഷം ഭക്ഷ്യോൽപാദനവും ഇടിഞ്ഞു. ഉപരോധത്തിന്റെ ഭാഗമായി ബാങ്കിങ്, വ്യാപാര മേഖലകളിലെ വിലക്കുകൾ ജീവകാരുണ്യസഹായം എത്തിക്കുന്നതിനു തടസ്സമാണ്. ജീവകാരുണ്യസംഘടനകൾ യുഎന്നിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയശേഷം സഹായമെത്തിക്കാമെന്നാണു കഴിഞ്ഞമാസം യുഎസ് മുന്നോട്ടുവച്ച ശുപാർശ. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ യുഎൻ ഉപരോധ സമിതി തിങ്കളാഴ്ച അന്തിമ തീരുമാനമെടുത്തേക്കും. 

ഇതേസമയം, യുഎൻ ഉപരോധവ്യവസ്ഥകൾ ലംഘിച്ച് പതിനായിരത്തിലേറെ ഉത്തരകൊറിയൻ പൗരൻമാർക്കു റഷ്യ തൊഴിൽവീസ നൽകിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിനുശേഷമാണിത്. എന്നാൽ ഈ റിപ്പോർട്ടിനോട് റഷ്യയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.