ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ 18ന്

പാക്കിസ്ഥാനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദർശിച്ച ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒപ്പിട്ട ബാറ്റ് അദ്ദേഹത്തിനു സമ്മാനിക്കുന്നു. ചിത്രം∙ പിടിഐ

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ 18നു സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. 

അതിനിടെ, ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ പാക്കിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദർശിച്ചു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിൽ ഇന്ത്യയ്ക്കുള്ള ആശങ്ക ഇമ്രാനെ അറിയിച്ചു. കശ്‌മീർ അടക്കമുള്ള വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച വേണമെന്ന് ഇമ്രാൻ ആവശ്യപ്പെട്ടു. നവംബറിൽ ഇസ്‌ലാമാബാദിൽ നടക്കുന്ന സാർക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുമെന്ന പ്രത്യാശയും പാക്ക് നിയുക്ത പ്രധാനമന്ത്രി പ്രകടിപ്പിച്ചു. 

ഇന്ത്യയുടെ ക്രിക്കറ്റ് ടീം ഒപ്പിട്ട ബാറ്റ് ബിസാരിയ ഇമ്രാനു സമ്മാനിച്ചു. 

സത്യപ്രതിജ്ഞാച്ചടങ്ങിലേക്കു സുനിൽ ഗാവസ്‌കർ, കപിൽദേവ്, നവ്‌ജ്യോത് സിങ് സിദ്ദു എന്നിവർക്കു ക്ഷണമുണ്ട്. എന്നാൽ 18ന് ഇംഗ്ലണ്ടിലായതിനാൽ സത്യപ്രതി‍ജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നു സുനിൽ ഗാവസ്‌കർ പറഞ്ഞു.