പഴയ വക്കീൽ ചതിച്ചു; കുറ്റവിചാരണയുടെ വാൾമുനയിൽ ട്രംപ്

ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പഴയ അഭിഭാഷകൻ തിരഞ്ഞെടുപ്പു പ്രചാരണ ഫണ്ട് വകമാറ്റിയതും നികുതി വെട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങൾ സമ്മതിച്ചതോടെ യുഎസ് രാഷ്ട്രീയം നിർണായക വഴിത്തിരിവിലേക്ക്. ട്രംപുമായുള്ള അവിഹിത ബന്ധം മറച്ചുവയ്ക്കാൻ അശ്ലീലചിത്ര നടിക്കു പണം നൽകിയതുൾപ്പെടെ അതീവ ഗുരുതര സ്വഭാവമുള്ള എട്ടു കുറ്റങ്ങളാണ് അഭിഭാഷകൻ മൈക്കൽ കൊഹെൻ കഴിഞ്ഞദിവസം സമ്മതിച്ചത്.

ജനപ്രതിനിധി സഭയിലേക്കു നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടിയാൽ ട്രംപിനെതിരെ കുറ്റവിചാരണ നടപടി തുടങ്ങാൻ ഈ കുറ്റസമ്മതം ധാരാളമാണെന്നു ട്രംപിന്റെ പഴയ ഉപദേശകൻ മൈക്കൽ ക്യാപുറ്റോ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട കേസിൽ, ട്രംപിന്റെ മറ്റൊരു ഉപദേശകനായിരുന്ന പോൾ മാനഫോർട്ട് കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് കൊഹന്റെ കുറ്റസമ്മതം. രാജ്യദ്രോഹം, അഴിമതി, പെരുമാറ്റദൂഷ്യം തുടങ്ങി മൂന്നു തരം കുറ്റങ്ങളുടെ പേരിലേ യുഎസ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനാവൂ.