ഡോ. ആരിഫ് അൽവി പാക്ക് പ്രസിഡന്റ്

പാക്കിസ്ഥാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോ. ആരിഫ് അൽവി ഇസ്‌ലാമാബാദിൽ

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുപ്പക്കാരനായ ഡോ. ആരിഫ് അൽവി (69) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇമ്രാന്റെ രാഷ്ട്രീയ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ ഡോ. ആരിഫിന്റെ വരവോടു കൂടി ഇമ്രാൻ ഭരണത്തിൽ കൂടുതൽ പിടിമുറുക്കി.

മൂന്നു പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആകെ പോൾ ചെയ്ത 430 വോട്ടുകളിൽ ആരിഫിന് 212 വോട്ടും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) സ്ഥാനാർഥി മൗലാന ഫസലുർ റഹ്മാന് 131 വോട്ടും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥി അയിത്‌സാസ് അഹ്സാന് 81 വോട്ടും കിട്ടി. ആറു വോട്ട് അസാധുവായി. 13–ാമത്തെ പാക്ക് പ്രസിഡന്റാണ് മുൻ ഡെന്റിസ്റ്റ് കൂടിയായ ഡോ. ആരിഫ്. ഒൻപതിന് സ്ഥാനമേൽക്കും.