മിസൈൽ, ആണവ വിദഗ്ധന് വിട ചൊല്ലി ഉത്തര കൊറിയ

സോൾ∙ ഉത്തര കൊറിയൻ മിസൈൽ, ആണവ കരുത്തിന്റെ കാരണവർ ജു ക്യു ചാങ് (89) അന്തരിച്ചു. ആണവപരീക്ഷണങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ലോകത്തെ വിറപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്ത ഉത്തര കൊറിയ ആണവരാഷ്ട്രമായി കഴിഞ്ഞവർഷം സ്വയം പ്രഖ്യാപിച്ചതുകൂടി കണ്ടിട്ടാണു ജു വിട പറഞ്ഞത്.

ഉത്തര കൊറിയയിലെ ഏറ്റവും പ്രശസ്തനായ അക്കാദമിക് വിദഗ്ധനും പ്രഫസറുമായിരുന്ന ജു രക്തസംബന്ധമായ അസുഖത്തെ തുടർന്നു ചികിൽസയിലായിരുന്നു. പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആണവപദ്ധതികളുടെ പേരിൽ 2013ൽ യുഎസ് ഇദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു.