ആണവ നിരായുധീകരണം 2021ന് അകം: കിം

സോൾ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലാവധിക്കുള്ളിൽ തന്നെ ഉത്തര കൊറിയയിൽ ആണവ നിരായുധീകരണം യാഥാർഥ്യമാക്കുമെന്നു കിം ജോങ് ഉൻ. 2021ൽ ആണു ട്രംപിന്റെ ആദ്യ കാലാവധി കഴിയുന്നത്. ഇതാദ്യമായാണു നിരായുധീകരണത്തിനുള്ള സമയപരിധിയെക്കുറിച്ചു കിം മനസ്സു തുറന്നത്.

ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായി ഉത്തര കൊറിയൻ ഏകാധിപതിയുടെ മൂന്നാമത്തെ ഉച്ചകോടി 18 മുതൽ 20 വരെ പ്യോങ്യാങ്ങിൽ നടക്കും. ആണവ നിരായുധീകരണത്തിന്റെ പ്രായോഗിക നടപടികളെക്കുറിച്ചാകും ചർച്ചകളെന്നു മൂണിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയ്‌വി യോങ് അറിയിച്ചു. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണ നടപടികളിൽ പുരോഗതിയൊന്നും കാണാനില്ലെന്നു കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം ട്രംപ് റദ്ദാക്കിയതു കഴിഞ്ഞ മാസമാണ്.