നവാസ് ഷരീഫിന്റെ ഭാര്യ കുൽസൂം നിര്യാതയായി

ലണ്ടൻ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ ബീഗം കുൽസൂം (68) നിര്യാതയായി. 2014 ജൂൺ മുതൽ ലണ്ടനിലായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പാനമ അഴിമതിക്കേസിൽ ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി ഒരു മാസത്തിനു ശേഷം കുൽസൂമിന് അർബുദം സ്ഥിരീകരിച്ചു. അയോഗ്യതയെത്തുടർന്ന് ഒഴിവു വന്ന ഷരീഫിന്റെ ലഹോർ പാർലമെന്റ് സീറ്റിൽ പിറ്റേമാസം ഉപതിരഞ്ഞെടുപ്പിൽ കുൽസൂം ജയിക്കുകയും ചെയ്തു. മകൾ മറിയമാണു പ്രചാരണം നയിച്ചത്.

പിന്നാലെ പാക്കിസ്ഥാൻ വിട്ടു ലണ്ടനിലെത്തിയ ഷെരീഫും മറിയവും ഈ വർഷം ജൂലൈയിൽ രാജ്യത്തേക്കു മടങ്ങി അറസ്റ്റ് വരിക്കുംവരെ കുൽസൂമിനൊപ്പമുണ്ടായിരുന്നു. രോഗക്കിടക്കയിലുള്ള ഭാര്യയ്ക്കു യാത്രാമൊഴിയേകി ഷരീഫ് പാക്കിസ്ഥാനിലേക്കു പോകുന്ന ചിത്രം ട്വിറ്ററിലൂടെ വാർത്താശ്രദ്ധ നേടിയിരുന്നു.

1999ൽ സേനാമേധാവി പർവേശ് മുഷറഫിന്റെ പട്ടാള അട്ടിമറിയെത്തുടർന്നു ഷരീഫ് ജയിലിലായപ്പോൾ കുൽസൂമിനെയാണു പാർട്ടിയുടെ ചുമതല ഏൽപിച്ചത്. 2002 വരെ അവർ പിഎംഎൽ–എൻ അധ്യക്ഷയായി തുടർന്നു. മറ്റു മക്കൾ: അസ്മ, ഹസൻ, ഹുസൈൻ.