ടൈം മാഗസിൻ വിറ്റു; 19 കോടി ഡോളറിന്

വാഷിങ്ടൻ∙ വിഖ്യാതമായ ടൈം മാഗസിൻ ടെക് ഭീമൻ മാർക് ബെനിയോഫിനു വിറ്റ് മാധ്യമസ്ഥാപനമായ മെറ‍ഡിത്ത്. 19 കോടി ഡോളറാണ് (1368 കോടി രൂപ) വില നൽകിയത്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ സെയ്ൽസ്ഫോഴ്സ് സഹഉടമ മാർക് ബെനിയോഫും ഭാര്യ ലിന്നും സ്വന്തം നിലയിലാണു മാഗസിൻ വാങ്ങുന്നത്. 95 വർഷം മുൻപു തുടങ്ങിയ ടൈമിന്റെ ദൈനംദിന നടത്തിപ്പിൽ ബെനിയോഫ് ദമ്പതികൾ ഇടപെടില്ലെന്നു മെറഡിത്ത് പ്രസിഡന്റും സിഇഒയുമായ ടോം ഹാർട്ടി അറിയിച്ചു.

ടൈം ബ്രാൻഡിനു കീഴിലുള്ള ഫോർച്യൂൺ, മണി, സ്പോർട്സ് ഇലസ്ട്രേറ്റഡ് എന്നീ പ്രസിദ്ധീകരണങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. വാഷിങ്ടൻ പോസ്റ്റ് പത്രം 2013ൽ 25 കോടി ഡോളറിന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വാങ്ങിയതിനു പിന്നാലെയാണ് മറ്റൊരു പ്രമുഖ അച്ചടി മാധ്യമം കൂടി ടെക് മേധാവിത്വത്തിനു കീഴിലാകുന്നത്.