പിഎൽഒ അംബാസഡറുടെ കുടുംബ വീസ യുഎസ് റദ്ദാക്കി

വാഷിങ്ടൻ∙ പലസ്തീൻ വിമോചന സംഘടന (പിഎൽഒ) യുടെ അംബാസഡറുടെ കുടുംബ വീസ യുഎസ് റദ്ദാക്കി. ഇതേത്തുടർന്നു തന്റെ ഭാര്യയും രണ്ടു കുട്ടികളും രാജ്യം വിട്ടതായി യുഎസിലെ പിഎൽഒ നയതന്ത്ര സംഘത്തിന്റെ തലവൻ ഹുസം സോംലോട്ട് അറിയിച്ചു. പിഎൽഒയുടെ നയതന്ത്ര ഓഫിസ് അടുത്ത മാസത്തോടെ അടച്ചുപൂട്ടുമെന്നു കഴിഞ്ഞ തിങ്കളാഴ്ച ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

പലസ്തീൻ അഭയാർഥികൾക്കായുള്ള ധനസഹായങ്ങളും കഴിഞ്ഞമാസം യുഎസ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും തുടർന്ന് യുഎസ് എംബസി ജറുസലമിലേക്കു മാറ്റുകയും ചെയ്ത ട്രംപിന്റെ നടപടിയോടെയാണു പലസ്തീൻ– യുഎസ് ബന്ധം മോശമായത്. ഇതേത്തുടർന്ന് മധ്യപൗരസ്ത്യദേശത്ത് യുഎസ് നേതൃത്വത്തിലുള്ള സമാധാന നീക്കങ്ങൾ പലസ്തീൻ ബഹിഷ്കരിച്ചിരുന്നു. ഇതാണു ട്രംപിനെ രോഷം കൊള്ളിച്ചത്. ഭീഷണിപ്പെടുത്തി ട്രംപിന്റെ നയം അംഗീകരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് പിഎൽഒ പ്രതികരിച്ചു.