പരേഡിനു നേരെ ആക്രമണം: പകരം ചോദിക്കുമെന്ന് ഇറാൻ; യുഎഇയുടെ പ്രതിനിധിയെ വിളിച്ചുവരുത്തി

ടെഹ്റാൻ∙ ശനിയാഴ്ച സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പകരം ചോദിക്കുമെന്ന് ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡ്‌സ് പ്രഖ്യാപിച്ചു. 12 സൈനികർ അടക്കം 29 പേർ കൊല്ലപ്പെട്ട വെടിവയ്പിനെ ഗൾഫ്, അറബ് രാജ്യങ്ങൾ പിന്തുണച്ചതായും ഇറാൻ ആരോപിച്ചു.

തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വസിലുണ്ടായ ആക്രമണത്തെ അനുകൂലിക്കുന്ന രീതിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഇറാൻ, യുഎഇയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. എന്നാൽ, വിവാദ പരാമർശം നടത്തിയ ഉദ്യോഗസ്ഥന്റെ പേരോ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഭീകരസംഘടനകൾക്ക് ഗൾഫ് അറബ് രാജ്യങ്ങൾ സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ആരോപിച്ചു. ഇറാന്റെ ആരോപണങ്ങളോട് സൗദി അറേബ്യയും യുഎഇയും പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇറാനിൽ നടന്ന ഭീകരാക്രമണത്തെ ഖത്തർ അപലപിച്ചു. മറ്റ് ഗൾഫ് രാജ്യങ്ങളുമായി ഭിന്നതയിലാണു ഖത്തർ. ഇന്ത്യയും അപലപിച്ചു.

ഇറാനിലെ എണ്ണസമ്പന്നമായ ഖുസെസ്ഥാൻ പ്രവിശ്യയിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന അറബ് സംഘടന അഹ്‌വസ് നാഷനൽ റെസിസ്റ്റൻസും ഭീകരസംഘടനയായ ഐഎസും ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിരുന്നു.

അതിനിടെ, യുഎസ് ഉപരോധം ഇറാനെ സാമ്പത്തികമായി തകർക്കുമെന്നും ഇത് വിജയകരമായ വിപ്ലവത്തിലേക്കു നയിക്കുമെന്നും ഡോണൾഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ റൂഡി ഗില്യാനി പറഞ്ഞു. ടെഹ്റാനിലെ ഭരണമാറ്റം യുഎസ് നയമല്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിനു വിരുദ്ധമാണിത്.