അബുദാബിയും റിയാദും ആക്രമിക്കുമെന്ന് ഇറാൻ വിഡിയോ

ടെഹ്റാൻ ∙ ഇറാനിൽ സൈനിക പരേഡിനിടെ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായി സൗദി അറേബ്യയുടെയും യുഎഇയുടെയും തലസ്ഥാന നഗരങ്ങൾ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന വിഡിയോയുമായി ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസി. ഭരണത്തിൽ നിർണായക പങ്കുള്ള റവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണിത്.

ഇറാൻ നേരത്തേ റിയാദിനും അബുദാബിക്കും നേരെ നടത്തിയിട്ടുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വിഡിയോ പിന്നീടു പിൻവലിച്ചു. വിഡിയോയിൽ ഇസ്രയേലിനെതിരെയും ഭീഷണിയുണ്ട്. 25 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നിൽ സൗദിയും യുഎഇയും ആണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ആരോപിച്ചിരുന്നു. കനത്ത തിരിച്ചടി നൽകുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു.