യുഎസ് എംബസി: പലസ്തീൻ യുഎൻ കോടതിയെ സമീപിച്ചു

ജറുസലം ∙ ഇസ്രയേലിലെ യുഎസ് എംബസി ടെൽ അവീവിൽനിന്ന് ജറുസലമിലേക്കു മാറ്റിയതിനെതിരെ പലസ്തീൻ ഐക്യരാഷ്ട്രസംഘടനയുടെ രാജ്യാന്തര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചു. നയതന്ത്രബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവൻഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണ് യുഎസിന്റെ നീക്കമെന്നും അതുകൊണ്ട് ട്രംപ് ഭരണകൂട തീരുമാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണു പലസ്തീൻ ആവശ്യം. എംബസി ജറുസലമിലേക്കു മാറ്റിയത് കഴിഞ്ഞ മേയ് 14നായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുടെയും എംബസികൾ പ്രവർത്തിക്കുന്നതു ടെൽ അവീവിലാണ്.