പീഡനാരോപണം: കവനായ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

വാഷിങ്ടൻ∙ സുപ്രീം കോടതി ജഡ്ജിയായി താൻ നാമനിർദേശം ചെയ്ത ബ്രെറ്റ് കവനായ്ക്കെതിരെ എഫ്ബിഐ അന്വേഷണം ഉത്തരവിടാൻ നിർബന്ധിതനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ, നാമനിർദേശത്തിനു സെനറ്റ് അംഗീകാരം കിട്ടുമോയെന്ന കാര്യം വീണ്ടും പരുങ്ങലിലായി. അന്വേഷണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാണ് എഫ്ബിഐയ്ക്കു നൽകിയ നിർദേശം. കവനായ് മാനഭംഗപ്പെടുത്തിയതായി ആരോപിച്ചു മൂന്നു സ്ത്രീകളാണ് ഇതുവരെ രംഗത്തുള്ളത്.

1980കളുടെ തുടക്കത്തിൽ മാനഭംഗത്തിനിരയായ ഹൈസ്കൂൾ സഹപാഠി ക്രിസ്റ്റീൻ ബ്ലേസി ഫോർഡ് വ്യാഴാഴ്ച സെനറ്റ് കമ്മിറ്റിക്കു മുന്നിലെത്തി പതിനേഴാം വയസ്സിൽ തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചിരുന്നു. റിപ്പബ്ലിക്കൻ പക്ഷത്തു വലിയ പിന്തുണയുള്ള കവനായ്ക്കെതിരെ ഡമോക്രാറ്റുകൾ ശക്തമായി രംഗത്തുണ്ട്. സമൂഹമാധ്യമങ്ങളിലും കവനായ്ക്കെതിരെ കനത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിടാൻ ട്രംപ് നിർബന്ധിതനായത്.