ഇന്തൊനീഷ്യ സൂനാമി: സഹായം യാചിച്ച് 2 കോടി ജനങ്ങൾ

ഇന്തൊനീഷ്യയിലെ പാലുവിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ സൂനാമിയിൽ ഒഴുകിപ്പോയ കാറുകൾ. ചിത്രം: എഎഫ്പി

ജക്കാർത്ത ∙ ഇന്തൊനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും 2 കോടിയോളം ആളുകൾ ദുരിതാശ്വാസത്തിനായി കേഴുന്നു. ഇതിൽ 46,000 കുട്ടികളും 14,000 മുതിർന്നവരും ഉൾപ്പെടും. യുഎൻ ദുരിതാശ്വാസ ഏജൻസിയുടേതാണ് കണക്കുകൾ. 

844 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും പലയിടങ്ങളിലും ഇതുവരെ ആർക്കും കടന്നെത്താൻ പറ്റാത്തതിനാൽ യഥാർത്ഥത്തിൽ അനേകായിരങ്ങൾ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 23 പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം മരിച്ചത് പലു ഗ്രാമത്തിലാണ്. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ഇവിടെ കൂട്ടക്കുഴിമാടത്തിൽ സംസ്കരിച്ചുതുടങ്ങി. 

ഉൾനാടൻ ഗ്രാമമായ പെടോബോയിൽ ഭൂകമ്പത്തിന്റെ തീവ്രതയിൽ മണ്ണ് കുഴമ്പുപോലെയായി മാറുന്ന പ്രതിഭാസം കാണപ്പെട്ടു. ഇതോടെ ഈ പ്രദേശത്തെ വീടുകൾ താണുപോവുകയും ചിലയിടത്ത് ഉയരുകയും ചെയ്തു. ചില വീടുകൾ മറ്റുള്ളവയുടെ മുകളിൽ വീണു. ബലറോവയിൽ മണ്ണ് ദ്രവരൂപത്തിലായതിനെ തുടർന്ന് 1700 വീടുകളാണ് താണുപോയത്. നൂറുകണക്കിന് ആളുകൾ ഇതോടൊപ്പം മണ്ണിനടിയിലായിട്ടുണ്ട്.

പെടോബോയിലാണ് ഏറെ നാശം സംഭവിച്ചത്. നാലു ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താൻ കഴിഞ്ഞിട്ടില്ല. റോഡുകളെല്ലാം വിണ്ടുകീറിക്കിടക്കുകയാണ്. വീടുകളും സ്കൂളുകളും റോഡുകളും ഭൂകമ്പം തകർത്തുകളഞ്ഞതിനാൽ എവിടെയും അവശിഷ്ടങ്ങൾ മാത്രം. 

പലു പട്ടണത്തിൽ തകർന്ന ഹോട്ടലുകളുടെയും മാളിന്റെയും അടിയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ട്. ഗ്രാമങ്ങളിൽ മണ്ണിടിച്ചിലിൽ അനേകം പേർ മരിച്ചു. ബൈബിൾ ക്യാംപിൽ പങ്കെടുത്തിരുന്ന 34 കുട്ടികളും മരിച്ചു. ഇതിനിടെ, രണ്ടു ജയിലുകളിൽ നിന്ന് 1200 തടവുകാർ രക്ഷപ്പെട്ടു. 

ഇതുവരെ ദുരന്തത്തിന്റെ പൂർണചിത്രം മനസ്സിലാക്കാനായിട്ടില്ല. 7.5 തീവ്രതയുള്ള ഭൂകമ്പവും തുടർന്ന് ആറു മീറ്റർ ഉയരവുമുള്ള സൂനാമി തിരകളുമാണ് വെള്ളിയാഴ്ച ഉണ്ടായത്. 170 തുടർപ്രകമ്പനങ്ങളും ഉണ്ടായി.