Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്രാക്കറ്റോവയുടെ രോഷക്കുട്ടി’ തീതുപ്പി വലുപ്പം കുറഞ്ഞു; സൂനാമി സാധ്യത നീങ്ങിയിട്ടില്ല

anak-krakatau അനക് ക്രാക്കറ്റൗ അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ (ഫയൽ ചിത്രം)

ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ സൂനാമിക്കു കാരണമായ അഗ്നിപർവതം അനക് ക്രാക്കറ്റൗവിന്റെ വലുപ്പം കുറഞ്ഞു. 338 മീറ്റർ (സെപ്റ്റംബറിലെ കണക്ക്) ഉയരമുണ്ടായിരുന്ന അഗ്നിപർവതത്തിന് ഇപ്പോൾ 110 മീറ്റർ (വെള്ളിയാഴ്ചത്തെ കണക്ക്) ഉയരമേയുള്ളൂ. ആകെയുണ്ടായിരുന്ന വലുപ്പത്തിൽനിന്ന് 150–180 മില്യൺ ക്യുബിക് മീറ്റർ വിസ്ഫോടനത്തിൽ നഷ്ടമായിരുന്നു. ഇതോടെ അഗ്നിപർവതത്തിന്റെ വലുപ്പം 40–70 മില്യൺ ക്യുബിക് മീറ്റർ ആയി ചുരുങ്ങിയെന്ന് ഇന്തൊനീഷ്യയുടെ സെന്റർ ഫോർ വോൾക്കാനോളജി ആൻഡ് ജിയോളജിക്കൽ ഡിസാസ്റ്റർ മിറ്റിഗേഷൻ വ്യക്തമാക്കി.

ഡിസംബർ 22ന് രാത്രിയായിരുന്നു സുൻഡ കടലിടുക്കിനെ കാര്യമായി ബാധിച്ച സൂനാമി ഉണ്ടായത്. 420 പേർ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപ്പേരെ കാണാതായി. 40,000ൽ അധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സുമാത്ര, ജാവ തീരങ്ങളിലെ 186 മൈൽ പ്രദേശത്തെയാണു സൂനാമി ബാധിച്ചത്. ദ്വീപ് ശക്തമായ സൂനാമിയിൽ തകർന്നുവെന്നാണു പ്രാഥമിക പഠനങ്ങൾ തെളിയിക്കുന്നത്.

അഗ്നിപർവതം ഇപ്പോഴും തീതുപ്പിത്തീരാത്തതിനാൽ ഉപഗ്രഹ ചിത്രങ്ങളെ ആസ്പദമാക്കിയാണ് ഉയരവും വലുപ്പവും കണക്കാക്കിയിരിക്കുന്നത്. നേരിട്ടു നടത്തുന്ന പരിശോധനയിലൂടെ മാത്രമേ കൂടുതൽ ക്യത്യതയാർന്ന വിവരങ്ങൾ ലഭ്യമാകൂയെന്നും ഇന്തോനീഷ്യൻ അധികൃതർ അറിയിച്ചു.

ജാവ, സുമാത്ര ദ്വീപുകളെ വേർതിരിക്കുന്ന സുൻഡ കടലിടുക്കിന്റെ തീരത്തുനിന്നു മാറി നിൽക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും ഒരു സൂനാമിക്കുള്ള സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. അഗ്നിപർവതത്തിന്റെ വലുപ്പം കുറഞ്ഞതിനാൽ ഇനിയുണ്ടാകുന്ന സൂനാമിയുടെ ശക്തി മുന്‍പുണ്ടായതിനേക്കാൾ കുറവായിരിക്കുമെന്നാണു നിഗമനം. 1883ൽ ക്രാക്കറ്റൗ അഗ്നിപർവത വിസ്ഫോടത്തിന്റെ ഫലമായി ഉണ്ടായതാണ് അനക് ക്രാക്കറ്റൗ. ക്രാക്കറ്റോവയുടെ രോഷക്കുട്ടി എന്ന പേരിലാണ് ഈ അഗ്നിപർവതം അറിയപ്പെടുന്നത്.