യുഎസ് സഹായമില്ലെങ്കിൽ സൗദി രാജാവ് അധികാരത്തിൽ തുടരില്ല: ട്രംപ്

ഡോണൾഡ് ട്രംപ്, സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്.

വാഷിങ്ടൺ ∙ യുഎസ് പിന്തുണയില്ലെങ്കിൽ സൗദി ഭരണകൂടം രണ്ടാഴ്ചയിലേറെ അധികാരത്തിൽ തുടരില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ്, മധ്യേഷ്യയിൽ യുഎസിന്റെ ദീർഘകാല സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കെതിരെ ട്രംപ് വെടിപൊട്ടിച്ചത്. ‘സൽമാൻ രാജാവിനെ ഞാൻ സ്നേഹിക്കുന്നു. പക്ഷേ, രാജാവേ, അങ്ങയെ സംരക്ഷിക്കുന്നതും ഞങ്ങളാണ്. ഞങ്ങളില്ലെങ്കിൽ രണ്ടാഴ്ചയിലേറെ രാജാവ് അധികാരത്തിൽ തുടരില്ല. നിങ്ങളുടെ സൈന്യത്തിനു വേണ്ട പണം നിങ്ങൾ തന്നെ മുടക്കണം ’– മിസ്സിസ്സിപ്പിയിൽ കരഘോഷം മുഴക്കിയ ജനക്കൂട്ടത്തോടായി ട്രംപ് പറഞ്ഞു. എന്നാൽ, ട്രംപിന്റെ പരാമർശത്തോടു സൗദി സർക്കാർ  പ്രതികരിച്ചിട്ടില്ല.

എണ്ണവില 4 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതോടെ, എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനോടും സൗദി അറേബ്യയോടും ഉൽപാദനം വർധിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു.  ഇറാനെതിരായ യുഎസ് ഉപരോധം നവംബറിൽ പൂർണതോതിലാകുന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണ ലഭ്യത വീണ്ടും കുറയുകയും വില ഉയരുകയും ചെയ്യുമെന്നാണു വിലയിരുത്തൽ. സൽമാൻ രാജാവുമായി ശനിയാഴ്ച ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിലും എണ്ണ വിലയെക്കുറിച്ചു ചർച്ച ചെയ്തിരുന്നതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.