അഴിമതിക്കേസിൽ ഷഹബാസ് ഷരീഫ് അറസ്റ്റിൽ

ലഹോർ ∙ പാക്കിസ്ഥാൻ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് ഭവനനിർമാണ അഴിമതിക്കേസിൽ അറസ്റ്റിൽ. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണു പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്(എൻ) പ്രസിഡന്റുമായ ഷഹബാസ്. ആഷിയാന ഭവനനിർമാണപദ്ധതി കരാറിൽ ചില പ്രത്യേക കമ്പനികളെ വഴിവിട്ടു സഹായിച്ചുവെന്ന പരാതിയിൽ നാഷനൽ അക്കൗണ്ടലിറ്റി ബ്യൂറോ(എൻഎബി)യുടെ അന്വേഷണസംഘത്തിനു മുന്നിൽ ഇന്നലെ ഹാജരായ ഷഹബാസിനെ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്യുകയായിരുന്നു.

ഷഹബാസിന്റെ മകളുടെ ഭർത്താവ് അലി ഇമ്രൻ യൂസഫും കേസിൽ പ്രതിയാണ്. ബ്രിട്ടനിലേക്കു കടന്ന ഇയാളെ തിരിക കൊണ്ടുവരാൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. കേസിൽ ഷഹബാസിന്റെ മകൻ ഹംസയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഇതേ കേസിൽ ഷഹബാസിന്റെ അടുത്ത അനുയായി അഹാദ് ചിയായും നവാസ് ഷരീഫിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഫവാദ് ഹസൻ ഫവാദും എൻഎബി കസ്റ്റഡിയിലാണ്.