കിം – ട്രംപ് രണ്ടാം ഉച്ചകോടി ഉടൻ നടത്താൻ ധാരണ

സോൾ ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള രണ്ടാം ഉച്ചകോടി ‘എത്രയും വേഗം’ നടത്താൻ തീരുമാനമായി. കൂടിക്കാഴ്ചയുടെ വേദിയും സമയവും തീരുമാനിക്കാൻ ഇരു രാജ്യങ്ങളും ധാരണയായെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ സർക്കാർ അറിയിച്ചു.

ഉത്തര കൊറിയയിൽ കിമ്മിനെ സന്ദർശിച്ച പോംപി ആണവ നിരായുധീകരണത്തെക്കുറിച്ചു ചർച്ച നടത്തി. ഉത്തരകൊറിയയുടെ ആണവ, മിസൈൽ പരീക്ഷണ സ്ഥലങ്ങളിൽ പരിശോധന വേണമെന്ന യുഎസിന്റെ ആവശ്യത്തോടു കിം അനുകൂല നിലപാട് എടുത്തതായാണു സൂചന.