ഹാഫീസ് സയീദിന്റെ സംഘടനകൾക്ക് ഇനി വിലക്കില്ല

ഇസ്‌ലാമാബാദ് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദഅവ (ജെയുഡി), ഫലാഹി ഇൻസാനിയ ഫൗണ്ടേഷൻ (എഫ്ഐഎഫ്) എന്നിവയ്ക്ക് ഇനി പാക്കിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കാം. യുഎൻ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഇവ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചു. ഓർഡിനൻസ് പുതുക്കാൻ ഇമ്രാൻഖാൻ സർക്കാർ തയ്യാറായില്ല.

സയീദ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ, ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചെന്നും പുതുക്കാൻ ഉത്തരവ് ഇറക്കിയിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയെ അറിയിച്ചു. 2002 ൽ തന്നെ ജെയുഡി, ലഷ്കറെ തയിബയുമായുള്ള ബന്ധം അവസാനിപ്പിച്ചതാണെന്നും ഇന്ത്യ വെറുതെ ഭീകരസംഘടനയെന്നു മുദ്രകുത്തുന്നതാണെന്നും സയീദ് ബോധിപ്പിച്ചു. പാക്കിസ്ഥാനിലെ ദേശീയ ഭീകരവിരുദ്ധ അതോറിറ്റിയുടെ വെബ്സൈറ്റ് കഴിഞ്ഞമാസം പുതുക്കിയപ്പോൾ 66 നിരോധിത സംഘടനകളുടെ പട്ടികയിൽ നിന്നു ജെയുഡി, എഫ്ഐഎഫ് എന്നിവയെ ഒഴിവാക്കിയിരുന്നു.