പേരിലുള്ളത് 2,224 കാറുകൾ; സ്വന്തമായി ഒന്നേയൊന്ന്

ഇസ്‍ലാമാബാദ്∙ തന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കാറുകളുടെ എണ്ണം കേട്ട് പാക്കിസ്ഥാനിലെ വിരമിച്ച ജഡ്ജിയായ സിക്കന്ദർ ഹയാത് ഞെട്ടി. ഒന്നും രണ്ടുമല്ല 2,224 കാറുകൾ. പക്ഷേ, അദ്ദേഹത്തിനു സ്വന്തമായുള്ളത് ഒരു കാർ മാത്രം. താനറിയാതെ ഇത്രയേറെ കാറുകൾ തന്റെ പേരിൽ റജിസ്റ്റർ ചെയ്തതിന്റെ ചുരുളഴിക്കാൻ നിയമവഴിയെ നീങ്ങിയിരിക്കുകയാണ് ഹയാത്.

എൺപത്തിരണ്ടുകാരനായ ഹയാത്തിന് കഴിഞ്ഞ ദിവസം ലഭിച്ച അറിയിപ്പിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. അദ്ദേഹത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്ത കാറിന്റെ പിഴയടയ്ക്കാനുള്ള അറിയിപ്പായിരുന്നു അത്. ഇതു തന്റെ കാറല്ലെന്ന് എക്സൈസ്– നികുതി വകുപ്പിനെ അറിയിച്ചതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് ഹയാത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്യപ്പെട്ട ഇത്രയധികം കാറുകൾ ഉണ്ടെന്നു കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കാൻ നികുതി വകുപ്പിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.