മതനിന്ദ: യുഎസ് അഭയം നൽകണമെന്ന് ആസിയയുടെ ഭർത്താവ്

ആസിയ ബീബി

ഇസ്‌ലാമാബാദ്∙ ജീവൻ അപകടത്തിലായതിനാൽ അമേരിക്കയിൽ അഭയം നൽകണമെന്ന് മതനിന്ദാക്കുറ്റത്തിൽ നിന്നു വിമുക്തയായ പാക്ക് ക്രിസ്ത്യൻ വനിതയുടെ ഭർത്താവ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അപേക്ഷിച്ചു. മതനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 8 വർഷം ഏകാന്ത തടവിലായിരുന്ന ആസിയ ബീബിയെ (47) കഴിഞ്ഞ ബുധനാഴ്ച സുപ്രീം കോടതി വിട്ടയച്ചിരുന്നു. ഇതിനെതിരെ മതതീവ്രവാദ സംഘടനയായ തെഹ്‌രീക്കെ ലബൈക് പാക്കിസ്ഥാന്റെ (ടിഎൽപി) നേതൃത്വത്തിൽ രാജ്യത്തു 3 ദിവസം വൻ പ്രക്ഷോഭവും അക്രമങ്ങളുമാണു നടന്നത്.

ആസിയയെ രാജ്യം വിടാൻ അനുവദിക്കില്ലെന്ന വ്യവസ്ഥയിലാണു പ്രക്ഷോഭം നിർത്തിയത്. കോടതി വിധിക്കെതിരെയുള്ള അപ്പീൽ സർക്കാർ എതിർക്കില്ലെന്നും ഉറപ്പുനൽകി. ഈ സാഹചര്യത്തിലാണു ഭാര്യയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആഷിക് മാസിഹ് അഭ്യർഥിച്ചത്. യുഎസിനു പുറമേ കാനഡ, യുകെ എന്നീ രാജ്യങ്ങളോടും മാസിഹ് ഈ അഭ്യർഥന നടത്തിയിരുന്നു. ആസിയയുടെ അഭിഭാഷകൻ വധഭീഷണിയെത്തുടർന്നു ശനിയാഴ്ച പാക്കിസ്ഥാൻ വിട്ടിരുന്നു. അതേസമയം, പ്രക്ഷോഭങ്ങളിലെ അക്രമസംഭവങ്ങളുടെ പേരിൽ പാക്ക് പൊലീസ് 250 പേരെ അറസ്റ്റ് ചെയ്തു. ടിഎൽപി മേധാവി ഖദീം ഹുസൈൻ റിസ്‌വി, മുതിർന്ന നേതാവ് അഫ്‌സൽ ഖദ്രി എന്നിവരടക്കം 5000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

2009 ൽ അയൽവാസികൾ തമ്മിലുണ്ടായ വഴക്കിനിടെയാണു ആസിയയ്ക്കെതിരെ പ്രവാചക നിന്ദ ആരോപിക്കപ്പെട്ടത്. താൻ നിരപരാധിയാണെന്ന് ആസിയ വാദിച്ചെങ്കിലും 2010 ൽ വധശിക്ഷയ്ക്കു വിധിച്ചു. വിവാദ മതനിന്ദ നിയമത്തിനെതിരെ ശക്‌തമായ നിലപാട് സ്വീകരിച്ച പഞ്ചാബ് പ്രവിശ്യാ ഗവർണർ സൽമാൻ തസീറിനെ 2011 ൽ തീവ്രവാദികൾ വെടിവച്ചുകൊന്നു.