അമേരിക്കൻ സുവിശേഷ പ്രാസംഗികൻ ബില്ലി ഗ്രഹാമിന്റെ ജന്മശതാബ്ദി ഇന്ന്

ബില്ലി ഗ്രഹാം

ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ നാമും പരസ്പരം സ്നേഹിക്കണമെന്ന് ഓർമിപ്പിച്ച് 8 പതിറ്റാണ്ടു നീണ്ട സുവിശേഷ പ്രചാരണ ദൗത്യം. ലോകമെമ്പാടും അനുയായികളുള്ള യുഎസ് സുവിശേഷ പ്രാസംഗികൻ ബില്ലി ഗ്രഹാം കഴിഞ്ഞ ഫെബ്രുവരി 21നു വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും ലോകം ശ്രവിക്കുന്നു.

ഇന്ത്യയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ സുവിശേഷയോഗങ്ങളിലൂടെ 22 ലക്ഷം പേർക്കാണ് അദ്ദേഹം പ്രാർഥനയുടെ വെളിച്ചം പകർന്നത്. ‘ബില്ലി ഗ്രഹാം: ആൻ എക്സ്ട്രഓർഡിനറി ജേർണി’ എന്ന പുതിയ ഡോക്കുമെന്ററിയാണു ജന്മശതാബ്ദി വേളയിൽ ശ്രദ്ധേയമാകുന്നത്.

പിതാവിന്റെ പാത പിന്തുടർന്ന്, ബില്ലി ഗ്രഹാം ഇവാഞ്ചലിക്കൽ അസോസിയേഷൻ സിഇഒ ആയ മകൻ ഫ്രാങ്ക്‌ലിൻ മുൻകയ്യെടുത്താണു ഡോക്കുമെന്ററി തയാറാക്കിയത്. പഴയ രേഖാശേഖരം പരതി സമാഹരിച്ച അപൂർവവിവരങ്ങൾ 72 മിനിറ്റു നീണ്ട ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കറുത്തവരുടെ അവകാശങ്ങൾക്കായി പോരാടിയ മാർട്ടിൻ ലുഥർ കിങ് ജൂനിയറിനെ പിന്തുണച്ചതിനു ഭീഷണിക്കത്തു കിട്ടിയതിനെക്കുറിച്ചും പരാമർശമുണ്ട്. വിദ്വേഷത്തിന് ഒരു നീതീകരണവുമില്ലെന്ന്, കിങ് വധിക്കപ്പെട്ട ദിവസം ഗ്രഹാം പറയുന്ന വിഡിയോ ക്ലിപ്പും കാണാം.