ആസിയ ബീബിയെ മോചിപ്പിച്ചു

ആസിയ ബീബി

ഇസ്‌ലാമാബാദ് ∙ മതനിന്ദക്കേസിൽ പാക്കിസ്ഥാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബിയെ മുൾട്ടാനിലെ ജയിലിൽനിന്നു മോചിപ്പിച്ചു. വൻസുരക്ഷാ അകമ്പടിയോടെ വിമാനത്തിൽ ഇസ്‌ലാമാബാദിലെത്തിയ ആസിയയുടെ ലക്ഷ്യം എവിടെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അവർ സുരക്ഷിതയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇസ്‌ലാമിനെ നിന്ദിച്ചുവെന്ന ആരോപണത്തെ തുടർന്ന് പാക്ക് ക്രിസ്തീയ വനിത ആസിയ ബീബി 8 വർഷമായി തടവിലായിരുന്നു.

പാക്കിസ്ഥാനിലെ മതനിന്ദാനിയമം അനുസരിച്ച് മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇവരെ സുപ്രീം കോടതി മോചിപ്പിച്ചതിനെ തുടർന്ന് കുടുംബസമേതം രാജ്യം വിട്ടെന്നും എവിടെയാണെന്ന് അറിയില്ലെന്നും വ്യത്യസ്ത റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ആസിയയെ സ്വതന്ത്രയാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തീർപ്പായശേഷം അവർക്ക് എവിടെയും പോകാമെന്നു വിദേശകാര്യ വക്താവ് പറഞ്ഞു.