സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക്...സൂപ്പർ ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു

സ്റ്റാൻ ലീ

ലൊസാഞ്ചലസ് ∙ ലോകഹൃദയം കീഴടക്കിയ സൂപ്പർഹീറോകളുടെ സ്രഷ്ടാവും അമേരിക്കൻ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാൻ ലീ (95) അന്തരിച്ചു. സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക്, തോർ, ഡോക്ടർ സ്ട്രേഞ്ച് തുടങ്ങിയ സൂപ്പർഹീറോകളെ മാർവൽ കോമിക്സിലൂടെ അവതരിപ്പിച്ച ഭാവനകളുടെ അതികായനു വിട. ജാക്ക് കേർബി, സ്റ്റീവ് ഡിറ്റ്കോ തുടങ്ങിയ ആർട്ടിസ്റ്റുകളുമായി ചേർന്നാണ് സ്റ്റാൻ ലീ സൂപ്പർഹീറോകളെ മാർവൽ കോമിക്സുകളിലൂടെ രംഗത്തിറക്കിയത്. ബ്ലാക്ക് പാന്തർ, എക്സ് മെൻ, ഫന്റാസ്റ്റിക് ഫോർ തുടങ്ങി ലീ സൃഷ്ടിച്ച കഥാപാത്രങ്ങളേറെ. മാർവൽ സൂപ്പർഹീറോകളെ ആധാരമാക്കിയെടുത്ത സിനിമകൾ വൻഹിറ്റുകളായി. ഇവയിൽ മിക്കതിലും മുഖം കാണിച്ചിട്ടുള്ള ലീ ‘അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറി’ൽ ഒരു ബസ് ഡ്രൈവറായെത്തി.

റുമാനിയയിൽ നിന്നു യുഎസിലേക്കു കുടിയേറിയ ജൂതകുടുംബത്തിൽ 1922 ഡിസംബർ 28നാണു ജനനം. രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്നൽ വിഭാഗത്തിൽ ജോലിക്കു ചേർന്ന ലീ പിന്നീട് പരിശീലന ചിത്രങ്ങൾ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറി. യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാർവൽ കോമിക്സിൽ എത്തുകയായിരുന്നു. അന്നുവരെ സൂപ്പർഹീറോ കഥാപാത്രങ്ങളിൽ ഡിസി കോമിക്സ് എന്ന കമ്പനിക്കുള്ള മേൽക്കൈ മാർവൽ കോമിക്സ് തകർത്തത് ലീയുടെ സൃഷ്ടികളിലൂടെയാണ്. പരേതയായ നടി ജോൻ ലീയാണു ഭാര്യ.