കലിഫോർണിയ കാട്ടുതീ: മരണം 31; 200 പേരെ കാണാതായി

യുഎസിലെ കലിഫോർണിയയിൽ ജനവാസ മേഖലകളിലേക്കു പടർന്ന കാട്ടുതീ അണയ്ക്കാൻ വിമാനത്തിൽനിന്നു രാസപദാർഥം വിതറുന്നു. ചിത്രം: റോയിട്ടേഴ്സ്

പാരഡൈസ് (കലിഫോർണിയ) ∙ യുഎസിലെ കലിഫോർണിയയിൽ രണ്ടിടങ്ങളിലുണ്ടായ കാട്ടുതീ ജനവാസ മേഖലകളിലേക്കു പടർന്ന് മരിച്ചവരുടെ എണ്ണം 31 ആയി. ഇരുന്നൂറിലേറെ ആളുകളെ കാണാതായി. പാരഡൈസ് പട്ടണത്തിൽ 6,700 വീടുകൾ ചാമ്പലായി. അകെ രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.

തീ ഇനിയും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. വരൾച്ചയും ചൂടും മൂലം ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് കാട്ടു തീ പടർന്നുപിടിക്കാൻ ഇടയാക്കിയതെന്നു ഗവർണർ ജെറി ബ്രൗൺ അറിയിച്ചു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപ് ഭരണകൂടം അടിയന്തര സഹായം എത്തിക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടു.