നിയോമി റാവു വാഷിങ്ടൻ അപ്പീൽ കോടതി ജഡ്ജി

വാഷിങ്ടൻ∙ യുഎസ് സുപ്രീം കോടതി ജഡ്ജിയായി ബ്രെറ്റ് കാവനോ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവുവന്ന വാഷിങ്ടൺ ഡിസിയിലെ അപ്പീൽ കോടതി (സർക്കീട്ട് കോർട്ട് ഓഫ് അപ്പീൽസ്) ജഡ്ജിയായി പ്രമുഖ ഇന്ത്യൻ– അമേരിക്കൻ അഭിഭാഷക നിയോമി റാവുവിനെ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് നാമനിർദേശം ചെയ്തു. വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ നിയോമി നിയമിക്കപ്പെടും. സുപ്രീം കോടതിക്കു തൊട്ടുതാഴെയുള്ള കോടതിയായി കണക്കാക്കപ്പെടുന്നതാണ് അപ്പീൽ കോടതി. ശ്രീ ശ്രീനിവാസനു ശേഷം ഈ കോടതിയിൽ ജഡ്ജിയാകുന്ന ഇന്ത്യയിൽ വേരുകളുള്ള രണ്ടാമത്തെയാളാകും നിയോമി. നിലവിൽ ഓഫിസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിൽ അഡ്മിനിസ്ട്രേറ്ററാണ് ഇവർ.