അത്യാധുനിക ആയുധം പരീക്ഷിച്ചെന്ന് ഉത്തര കൊറിയ

കിം ജോങ് ഉൻ

പ്യോങ്യാങ്∙ ആണവായുധങ്ങളും ബാലസ്റ്റിക് മിസൈലുകളും വികസിപ്പിക്കില്ലെന്ന് യുഎസിന് ഉറപ്പുനൽകിയ ഉത്തര കൊറിയ, ‘തന്ത്രപരമായ അത്യന്താധുനിക ആയുധം’ വിജയകരമായി പരീക്ഷിച്ചതായി അവകാശപ്പെട്ടു. എന്നാൽ ഏതുതരം ആയുധമാണ് പരീക്ഷിച്ചതെന്നോ അതിന്റെ മറ്റു വിശദാംശങ്ങൾ എന്തെന്നോ വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിൽ നടന്ന ഉച്ചകോടിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നൽകിയ ഉറപ്പുകൾ കിം പാലിക്കുമെന്നാണു പ്രതീക്ഷയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് പ്രതികരിച്ചു.

ആണവ നിരായുധീകരണത്തിനുള്ള തുടർനടപടികളൊന്നും ഉത്തരകൊറിയ കൈക്കൊണ്ടതായി സൂചനയില്ലെന്ന് യുഎസ് വിമർശനം ഉന്നയിച്ചിരുന്നു. എങ്കിലും രണ്ടാം ഉച്ചകോടി അടുത്തവർഷം ആദ്യം നടക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തര കൊറിയയിൽ 13 രഹസ്യസ്ഥലങ്ങളിലായി ബാലിസ്റ്റിക് മിസൈൽ പദ്ധതി പുരോഗമിക്കുകയാണെന്ന വിവരം വാഷിങ്ടൻ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻ‍ഡ് ഇന്റർനാഷനൽ സെക്യൂരിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.