അഭയാർഥി ജാഥ യുഎസ് അതിർത്തി ലംഘിച്ചു; സംഘർഷം

കണ്ണീർ വീഴ്ത്താൻ ഷെല്ലുകളെന്തിന്: മെക്സിക്കൻ അതിർത്തി വഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥി സംഘത്തിനു നേരെ യുഎസ് സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചപ്പോൾ കുട്ടികളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന അമ്മ. ചിത്രം: എഎഫ്പി

ടിവാന (മെക്സിക്കോ) ∙ യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർഥികളുടെ സംഘത്തിനു നേരെ മെക്സിക്കൻ അതിർത്തിയിൽ യുഎസ് അതിർത്തി സേന കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. മെക്സിക്കോയിലെ ടിവാനയ്ക്കും യുഎസിലെ സാൻഡിയാഗോയ്ക്കും ഇടയിലുള്ള സാൻ സിദ്രോ അതിർത്തി പോസ്റ്റ് 6 മണിക്കൂറോളം അടച്ചിട്ടു.

മധ്യഅമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 7000 ത്തിലേറെ അഭയാർഥികളാണ് യുഎസിലേക്കു കടക്കുന്നതിന് 4000 കിലോമീറ്റർ നടന്ന് മെക്സിക്കോ അതിർത്തിയിലെത്തിയിട്ടുള്ളത്. ഹോണ്ടുറാസുകാരാണ് കൂടുതലും. സംഘത്തിലെ അഞ്ഞൂറോളം പേർ അതിർത്തിയിലെ ഇരുമ്പുവേലികളിലൊന്ന് മുറിച്ചു കടന്നതോടെയാണ് സേന കണ്ണീർവാതകം പ്രയോഗിച്ചത്. അക്രമം കാണിച്ചവരെ നാടുകടത്തുമെന്ന് മെക്സിക്കൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് സേനയ്ക്കു നേരെ അഭയാർഥികൾ ആക്രമണം നടത്തിയതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി കിഴ്സ്റ്റ്ൻ നീൽസൺ പറഞ്ഞു. അതിർത്തി സേനയ്ക്കു പുറമേ 9000 സൈനികരെ അതിർത്തിയിൽ നിയോഗിച്ചിട്ടുണ്ട്. വൻ മെക്സിക്കൻ പൊലീസ് സംഘം ടിവാനയിലുമുണ്ട്.

അനധികൃതമായി കടക്കാൻ ആരെയും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. അഭയാർഥികൾ കടന്നുകയറാൻ ശ്രമിച്ചാൽ മെക്സിക്കോ അതിർത്തി അടച്ചിടുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയത് 3 ദിവസം മുൻപാണ്. ദാരിദ്ര്യവും അശാന്തിയും നിറഞ്ഞ ഹോണ്ടുറാസിൽനിന്ന് ജീവനുംകൊണ്ട് പലായനം ചെയ്ത അഭയാർഥി സംഘം ഒരുമാസം കൊണ്ടാണ് മെക്സിക്കോ അതിർത്തിയിലെത്തിയത്. അതിർത്തി കടന്നാൽ അഭയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിലർ ഇരുമ്പുവേലി കടന്നത്. എന്നാൽ, പ്രവേശനാനുമതിയുള്ള അതിർത്തി കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നവരെ മാത്രമേ അഭയം നൽകുന്നതിനു പരിഗണിക്കൂ എന്നാണ് ട്രംപിന്റെ നിലപാട്. ഇവരുടെ അപേക്ഷകളിൽ തീരുമാനമെടുക്കും വരെ മെക്സിക്കോയിൽ തുടരട്ടെ എന്നാണ് യുഎസ് പറയുന്നത്. എന്നാൽ, അതു സാധ്യമല്ലെന്നു മെക്സിക്കോ വ്യക്തമാക്കിയിട്ടുണ്ട്.