ഖഷോഗി വധം: സൗദി കിരീടാവകാശിക്ക് നേരെ വിരൽ ചൂണ്ടി യുഎസ് സെനറ്റർമാർ

മുഹമ്മദ് ബിൻ സൽമാൻ, ജമാൽ ഖഷോഗി

വാഷിങ്ടൻ ∙ വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടതു സൗദി കിരീടാവകാശി ആണെന്ന കാര്യത്തിൽ സംശയത്തിന്റെ കണിക പോലുമില്ലെന്ന് യുഎസ് റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ. യുഎസ് കോൺഗ്രസിൽ സിഐഎ ഡയറക്ടർ അന്വേഷണ വിവരങ്ങൾ വിശദീകരിച്ചതിനു പിന്നാലെയാണ് സെനറ്റർമാരായ ബോബ് കോർക്കറും ലിൻസ്ഡെ ഗ്രഹാമും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെതിരെ കർശന നിലപാടുമായി രംഗത്തുവന്നത്. ഖഷോഗി വധത്തിന്റെ പേരിൽ മുഹമ്മദ് ബിൻ സൽമാനെ (എംബിഎസ്) തള്ളിപ്പറയില്ലെന്ന നയമാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത്.

‘കിരീടാവകാശിയാണു കൊലപാതകത്തിനു നിർദേശം നൽകിയത്. കാര്യങ്ങൾ അപ്പപ്പോൾ അദ്ദേഹത്തെ അറിയിച്ചുകൊണ്ടുമിരുന്നു. ഇക്കാര്യത്തിൽ എന്റെ മനസ്സിൽ ഒരു സംശയവുമില്ല’ – സെനറ്റ് വിദേശകാര്യ സമിതി ചെയർമാൻ കോർക്കർ പറഞ്ഞു. എംബിഎസ് ഒരു ന്യായാധിപനു മുൻപാകെ ഹാജരാകുകയാണെങ്കിൽ 30 മിനിറ്റിനകം ശിക്ഷിക്കപ്പെടുമെന്ന് ലിൻഡ്സെ ഗ്രഹാം തുറന്നടിച്ചു. ഇരുവരുമടക്കം ഏതാനും കോൺഗ്രസ് അംഗങ്ങൾക്കു മുൻപാകെയാണ് സിഐഎ ഡയറക്ടർ ജിന ഹാസ്‌പൽ ഒരു മണിക്കൂർ റിപ്പോർട്ട് അവതരിപ്പിച്ചത്.

കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും പെന്റഗൺ മേധാവി ജിം മാറ്റിസും എല്ലാ സെനറ്റർമാരുടെയും യോഗം വിളിച്ചുകൂട്ടിയിരുന്നു. എംബിഎസിനെതിരെ നേരിട്ടു തെളിവില്ലെന്നായിരുന്നു യോഗത്തിൽ ഇരുവരും വ്യക്തമാക്കിയത്. എന്നാൽ, സിഐഎ റിപ്പോർട്ടിൽ മറിച്ചാണു സൂചന നൽകുന്നതെന്ന് സെനറ്റർമാർ പറയുന്നു.