ചൈനയുടെ റോക്കറ്റ് ഉയർന്നു; ‘ഇരുണ്ട ചന്ദ്ര’നെ തൊട്ടറിയാൻ

റോവർ ചന്ദ്രോപരിതലത്തിൽ. ചിത്രകാരന്റെ ഭാവന.

ബെയ്ജിങ്∙ ചന്ദ്രോപരിതലപര്യവേഷണം ലക്ഷ്യമിട്ടുള്ള ‘റോവറു’മായി ചൈനയുടെ റോക്കറ്റ് ചാങ് ഇ–4 കുതിച്ചുയർന്നു. ചന്ദ്രന്റെ ഇരുണ്ട ഭാഗങ്ങളിൽ വിക്ഷേപണവാഹനം എത്തിക്കുന്ന ആദ്യരാജ്യമാവുകയാണു ചൈനയുടെ ലക്ഷ്യം. ചന്ദ്രനിൽ തങ്ങി പഠനം നടത്തുന്ന കാറിന്റെ വലിപ്പമുള്ള, യന്ത്രക്കൈയുള്ള റോബട്ടാണ് ‘റോവർ’. പുതുവർഷത്തിൽ റോക്കറ്റ് ചന്ദ്രനിൽ ഇറങ്ങും.

അജ്ഞാതമായ ഉൾപ്രദേശങ്ങളിലാവും റോവർ പ്രവർത്തിക്കുക. എന്നാൽ ഭൂമിയെ അഭിമുഖീകരിക്കുന്ന നിരപ്പുള്ള പ്രദേശത്തേക്കാൾ പർവതങ്ങളും കുഴികളുമുള്ള ഉൾപ്രദേശങ്ങൾ റോവറിനു വെല്ലുവിളിയാകും. പുത്തൻ കണ്ടെത്തലുകൾ നടത്താനായാൽ, ബഹിരാകാശ വൻശക്തിയാകാനുള്ള ചൈനയുടെ മോഹങ്ങളുടെ കൂടി വിജയമാകും അത്.

ചന്ദ്രന്റെ ഇരുണ്ടഭാഗങ്ങളുടെ ചിത്രം 60 വർഷം മുൻപു തന്നെ സോവിയറ്റ് യൂണിയൻ എടുത്തിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളിൽ പേടകമിറക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ഇരുണ്ടഭാഗത്തു നിന്നുള്ള സിഗ്നലുകൾ ലഭിക്കുകയാണു വെല്ലുവിളി. ഇതിനു പരിഹാരമായി ചൈന കഴിഞ്ഞ മേയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ചന്ദ്രനിലെ ഉപരിതലസാംപിളുമായി തിരിച്ചെത്താൻ ശേഷിയുള്ള ചാങ് ഇ –5 റോക്കറ്റ് അടുത്ത വർഷം വിക്ഷേപിക്കാനാണു ചൈനയുടെ പരിപാടി.